റീടാർ ചെയ്ത ഭാഗങ്ങളിലെ വിള്ളലുകൾ : അന്വേഷണം ആരംഭിച്ചു

ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലഗൽ റോഡിൽ റീ ടാർ ചെയ്ത ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുമരാമത്ത് അഡീ. ചീഫ് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് തേടി.

ദേശീയപാതയിൽ താമരശ്ശേരി ചെക്‌പോസ്റ്റ് മുതൽ അടിവാരംവരെയുള്ള ഭാഗത്താണ് വ്യാപകമായി വിള്ളലുകൾ രൂപപ്പെടുകയും ടാറിങ്‌ ഇളകിപ്പോകുകയും ചെയ്യുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വിള്ളലുകൾവീണ ഭാഗത്ത് പലതവണ ടാറിങ്‌ നടത്തി മിനുക്കുപണി നടത്തിയെങ്കിലും ആ ഭാഗങ്ങളിൽത്തന്നെ വീണ്ടും വിള്ളലുകൾ വന്നു. കൂടാതെ, മറ്റു ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടുതുടങ്ങി. കോടിക്കണക്കിന് രൂപയുടെ അഴിമതി റോഡുപണിയിൽ നടക്കുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റീ ടാറിങ്‌ പ്രവൃത്തിയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് മജീദ് താമരശ്ശേരിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പൊതു പ്രവർത്തകൻ നവാസ് പ്ലാപ്പറ്റയടക്കം മറ്റ് ഒട്ടേറെ പേർ വിജിലൻസിനും വകുപ്പ് മന്ത്രിക്കും ചീഫ് എൻജിനിയർക്കും പരാതികൾ നൽകിയിട്ടുണ്ട്. നവീകരണ പ്രവൃത്തിയുടെ നിലവാരത്തിൽ സംശയമുണത്തി കഴിഞ്ഞവാരം വാർത്ത വന്നിരുന്നു.

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെയാണ് ജനുവരി ആറിന് ദേശീയപാത 766-ൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തിക്ക്‌ തുടക്കമായത്. കരാറേറ്റെടുത്ത കൺസ്ട്രക്ഷൻ കമ്പനി കാലതാമസമില്ലാതെ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയെങ്കിലും വാഹനസാന്ദ്രതയേറിയ ദേശീയപാതയിൽ നവീകരിച്ച ഭാഗത്ത് ചിലയിടങ്ങൾ പൊളിഞ്ഞു തുടങ്ങി. തകർന്നഭാഗങ്ങളിൽ ഉടൻതന്നെ കരാറുകാർ റീ ടാറിങ് നടത്തിയെങ്കിലും അതിനിടെ മറ്റു ചില ഭാഗങ്ങളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.

നിലവിൽ പുല്ലാഞ്ഞിമേട് ഭാഗത്തും ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തുമെല്ലാം റോഡിൽ നീളത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റീ ടാർ ചെയ്തയിടങ്ങളിൽ വലിയ വിള്ളലുകളോടെ തകർച്ച നേരിട്ട സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തുള്ളവർ മുഖ്യമന്ത്രിയ്ക്കും ദേശീയപാതാവിഭാഗം അധികൃതർക്കും പരാതിനൽകുകയായിരുന്നു.

spot_img

Related Articles

Latest news