മനാമ: വിവിധ മേഖലകളില്‍ ബഹ്റൈനി വനിതകള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം വനിത ദിനം ആചരിച്ചു.
എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പാര്‍ലമെന്റില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 33.33 ശതമാനം വര്‍ധനയാണുണ്ടായത്. ഇത്തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ശൂറ കൗണ്‍സിലില്‍ ആകെ അംഗങ്ങളുടെ 25 ശതമാനം സ്ത്രീകളാണ്. `ബഹ്‌റൈന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എന്നും മുഖ്യമായ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ആദ്യത്തെ എണ്ണക്കിണര്‍ കണ്ടെത്തുന്നതിനുമുമ്ബ്, 1928ല്‍ പെണ്‍കുട്ടികള്‍ക്കായി ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതോടെ സ്ത്രീകള്‍ കൂടുതല്‍ പുരോഗതി കൈവരിച്ചു.
ബഹ്‌റൈന്‍ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ നിറവേറ്റുന്നതിനും കൂടുതല്‍ അവകാശങ്ങള്‍ നേടുന്നതിനും ഹമദ് രാജാവിന്‍റെ നേതൃത്വത്തില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.രാജാവിന്റെ ഭാര്യ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ രൂപവത്കരണം ഇതില്‍ പ്രധാനപ്പെട്ടതാണ്.സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്ബത്തിക ശാക്തീകരണ പുരോഗതി ഉറപ്പുവരുത്തുകയാണ് കൗണ്‍സിലിന്റെ ലക്ഷ്യം.10 വര്‍ഷത്തിനിടെ തൊഴില്‍ ശക്തിയിലെ സ്ത്രീകളുടെ പങ്കാളിത്തം 32 ശതമാനത്തില്‍നിന്ന് 43 ശതമാനമായി വര്‍ധിച്ചതായി കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുമേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 2022ന്റെ രണ്ടാം പാദത്തില്‍ 54 ശതമാനമായി. 2012ല്‍ നിന്ന് ഏഴുശതമാനമാണ് വര്‍ധനയുണ്ടായത്.
പൊതുമേഖലയിലെ സ്‍പെഷലൈസ്ഡ് ജോലികളില്‍ സ്ത്രീകളുടെ എണ്ണം 59 ശതമാനമാണ്. സര്‍ക്കാര്‍ മേഖലയിലെ എക്‌സിക്യൂട്ടിവ് സ്ഥാനങ്ങളില്‍ 47 ശതമാനവും കൈയാളുന്നത് സ്ത്രീകളാണ്. സ്വകാര്യ മേഖലയില്‍ സ്ത്രീ ജീവനക്കാരുടെ എണ്ണം 35 ശതമാനമാണ്. 2012നെ അപേക്ഷിച്ച് അഞ്ചുശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.ജുഡീഷ്യല്‍ മേഖലയില്‍ 12 ശതമാനവും നയതന്ത്ര ഉദ്യോഗസ്ഥരില്‍ 33 ശതമാനവും സ്ത്രീകളാണ്. കൊമേഴ്സ്യല്‍ രജിസ്ട്രേഷന്റെ (സി.ആര്‍) ഉടമകളായ സ്ത്രീകളുടെ എണ്ണം 2012ലെ 39 ശതമാനത്തില്‍നിന്ന് 2021ല്‍ 43 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വനിതകളുടെ സാന്നിധ്യം എല്ലാ മേഖലയിലും സാധ്യമാക്കാന്‍ ബഹ്റൈന്‍ വനിത സുപ്രീം കൗണ്‍സിലിന്‍റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായി സെക്രട്ടറി ഹാല അല്‍ അന്‍സാരി വ്യക്തമാക്കി. രാഷ്ട്രീയ, തൊഴില്‍, സാമൂഹിക, വ്യാപാര, വ്യവസായ, നിയമ, കലാ, കായിക, വിദ്യാഭ്യാസ, സംരംഭക മേഖലകളിലെല്ലാം ബഹ്റൈന്‍ വനിതകള്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. ഇപ്രാവശ്യത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എട്ട് വനിതകള്‍ക്ക് ജയിക്കാന്‍ സാധിച്ചതും നേട്ടമാണ്.അയല്‍ രാജ്യങ്ങളുടേതില്‍നിന്നും ഭിന്നമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും സ്ത്രീകള്‍ക്ക് നേരത്തെ തന്നെ അവസരം നല്‍കിയ രാജ്യമാണ് ബഹ്റൈന്‍.