വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് തല്‍കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്ര വിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും.

രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം.

ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍, 19 നുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു.

വൈദ്യുതി വലിയ വിലക്കാണ് വാങ്ങുന്നത്. 100 മെഗാവാട്ട് കുറവുണ്ട്. 19 നുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. നിയന്ത്രണം വേണമോ എന്ന് 19ന് തീരുമാനിക്കും. കൂടംകുളത്തു നിന്ന് ലഭിക്കേണ്ട വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജനങ്ങളെ ബോധവത്കരിച്ച്‌ 100 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

spot_img

Related Articles

Latest news