യുഎഇയില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് നാളെ മുതല്‍ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള വ്യക്തിനിയമം നിലവില്‍ വരും.മുസ്‌ലിം അല്ലാത്തവരുടെ വിവാഹം മുതല്‍ പിന്തുടര്‍ച്ചവകാശം വരെയുള്ള കേസുകള്‍ യു എ ഇ കോടതിയില്‍ വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കും. 2021 മുതല്‍ അബൂദബി എമിറേറ്റില്‍ നടപ്പാക്കിയ നിയമമാണ് നാളെ മുതല്‍ യുഎഇ മുഴുവന്‍ ബാധകമാകുന്ന ഫെഡറല്‍ നിയമമായി മാറുന്നത്.
മുസ്‌ലിംകള്‍ അല്ലാത്തവരുടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, സാമ്ബത്തിക തര്‍ക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകള്‍ യു.എ.ഇയിലെ കോടതികളില്‍ ഓരോ മതവിഭാഗങ്ങളുടെയും വ്യക്തിനിയമപ്രകാരം തീര്‍പ്പാക്കാന്‍ കഴിയും. രാജ്യത്ത് നിലവിലുള്ള ഇസ്‌ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കാതെ മറ്റു മതവിശ്വാസികള്‍ക്ക് വിവാഹ മോചനം ഉള്‍പെടെയുള്ളവ സാധ്യമാകും. മാതൃരാജ്യത്തെ നിയമം ബാധകമാക്കണമെങ്കില്‍ അതും സാധ്യമാകും.
പുതിയ നിയമം അനുസരിച്ച് വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കേണ്ട ആവശ്യമില്ല. ദമ്ബതികളില്‍ ഒരാള്‍ വിവാഹ മോചനം ആവശ്യപ്പെട്ടാല്‍ കോടതി അനുവദിക്കും. പങ്കാളിയെ കുറ്റപ്പെടുത്തി പരാതി നല്‍കേണ്ടതില്ല. വിവാഹ മോചനം ഒഴിവാക്കുന്നതിന് മധ്യസ്ഥത നിര്‍ബന്ധമാണെന്ന നിബന്ധനയും ഒഴിവാക്കി. വിവാഹത്തിന് പെണ്‍മക്കള്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. എന്നാല്‍ രണ്ട് പേര്‍ക്കും 21 വയസായിരിക്കണം. വിവാഹത്തിന് സാക്ഷിയുടെ ആവശ്യമില്ല. അനന്തരാവകാശ കേസുകളില്‍ വില്‍പത്രം ഇല്ലാത്ത സാഹചര്യത്തില്‍ ആസ്തികള്‍ ഭാര്യക്കും മക്കള്‍ക്കും തുല്യമായി വിഭജിക്കാം. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഒരേ അവകാശമായിരിക്കും.