കൊച്ചി: കോണ്‍വെന്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. മജിസ്റ്റീരിയല്‍ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു
സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിയും, ഇടുക്കി കീരിത്തോട് സ്വദേശിനിയുമായ സിസ്റ്റര്‍ ജെസീന തോമസ് (45) ആണ് മരിച്ചത്. സിസ്റ്റര്‍ ജസീനയുടെ ബന്ധുക്കള്‍ മരണവിവരമറിഞ്ഞ് മഠത്തിലെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ മഠത്തില്‍ നിന്ന് കാണാതായ കന്യാസ്ത്രീയെ രാത്രിയോടെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടവക വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്നാണ് മഠം അധികൃതര്‍ പറയുന്നത്. എന്നാല്‍ ജസീന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.