ഭുവനേശ്വര്‍ : വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ചത്. ഇതില്‍ ഒന്ന് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും ഗുരുതരമായ പരിക്കുണ്ടാക്കിയതായി ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതുമൂലമുള്ള തീവ്രമായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉച്ചക്ക് ഒരു മണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്‌ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. മന്ത്രിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ പരിശോധനക്കായി ആകാശമാര്‍ഗം ഭുവനേശ്വറിലേക്ക മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രണം നടത്തിയ എഎസ്‌ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. എന്താണ് മന്ത്രിക്ക് നേരെ വെടിവെക്കാൻ ഉണ്ടായ പ്രകോപനപരമായ സാഹചര്യം എന്നതടക്കം അറിവായിട്ടില്ല, പൊലീസിൻ്റെ കസ്റ്റഡിയിൽ ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.