താമരശ്ശേരി: ബാറിനെതിരെ വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ താമരശ്ശേരിയിലെ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ ധിക്കാരപരമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേവപ്പെടുത്തുന്നതായും ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഓമാക് ) കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഓമാക് രക്ഷാധികാരിയും, കേരള റിപ്പോർട്ടേഴ്സ് & മീഡിയപേർസൺസ് യൂണിയൻ (KRMU ) കോഴിക്കോട് ജില്ലാ മീഡിയാ കൺവീനറും, മംഗളം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനും, താമരശ്ശേരി ന്യൂസ്.കോം (T News) റിപ്പോർട്ടറുമായ മജീദ് താമരശ്ശേരിയെയാണ് സെക്ടറൽ മജിസ്ട്രേറ്റ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കഴിഞ്ഞ വെള്ളിയാഴ്ച ജില്ലാ കലക്ടർ കണ്ടയ്മെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ കടകളും സെക്ടറൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ അടപ്പിച്ചിരുന്നു.
എന്നാൽ ഇതേ വാർഡിൽ ദേശീയ പാതയോരത്തെ ബാർ പതിവുപോലെ തുറന്നു പ്രവർത്തിച്ചിരുന്നു, ഞായറാഴ്ച സമ്പൂർണ ലോക് ഡൗൺ കാരണം അടഞ്ഞ് കിടന്നെങ്കിലും തിങ്കളാഴ്ച വീണ്ടും ബാർ തുറന്ന് പ്രവർത്തനം ആരംഭിച്ചു. മറ്റു കടകളെല്ലാം അടപ്പിക്കുന്ന സെക്ടറൽ മജിസ്ട്രേറ്റ് ബാറിനു നേരെ കണ്ണടക്കുകയാണെന്ന വാർത്തയായിരുന്നു നൽകിയിരുന്നത്.
സെക്ടറൽ മജിസ്ട്രേറ്റിൻ്റെ ചുമതലയിലെ വീഴ്ച വാർത്തയിലൂടെ പുറത്ത് കൊണ്ടുവന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് മനസ്സിലാവുന്നത്, ബാറുകാരുടെ ഗുണ്ടകളുടെ രൂപത്തിലായിരുന്നു മാധ്യമ പ്രവർകനോട് സെക്ടറൽ മജിസ്ട്രേറ്റ് സംസാരിച്ചത്, ഇത് തീർത്തും ധിക്കാരപരവും, പ്രതിഷേധാർഹവുമാണെന്ന് ഓമാക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സത്താർ പുറായിൽ, ജന: സിക്രട്ടറി ഫാസിൽ തിരുവമ്പാടി, ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ, സിദ്ധീഖ് പന്നൂർ, അബീഷ് ഓമശ്ശേരി, റഊഫ് എളേറ്റിൽ,അനസ് പനക്കോട്, ഹബീബി, ജോർജ്ജ് ഫിലിപ്പ്, രമനീഷ് കോരങ്ങാട്, റമീൽ മാവൂർ, അജ്നാസ് എന്നിവർ സംസാരിച്ചു.