തൊടുപുഴ: ആര്‍മി ഉദ്യോഗസ്ഥനെന്ന വ്യാജേന ഓണ്‍ലൈന്‍ ഇടപാട് വഴി സ്വകാര്യ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പണം തട്ടിയെടുത്തതായി പരാതി. തൊടുപുഴയിലുള്ള ഓള്‍റൈറ്റ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പതിനായിരം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ 25 നാണ് സംഭവം.
കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി നോക്കുന്ന ആര്‍മി ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ഫോണിലേയ്ക്ക് വിളി വന്നത്. ഓണ്‍ലൈന്‍ വഴി പരസ്യം കണ്ടിട്ടാണ് വിളിക്കുന്നതെന്നും മേയ് 10 ന് തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് നടക്കുന്ന മകളുടെ പിറന്നാള്‍ സത്കാരത്തിന് പാര്‍ട്ടി നടത്തണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. തുകയും പറഞ്ഞ് ഉറപ്പിച്ചു. അഡ്വാന്‍സിനായി പണം അടയ്ക്കാന്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വിവരവും വാങ്ങിയിരുന്നു.
തുടര്‍ന്ന് കണ്‍ഫര്‍മേഷനായി അഞ്ചു രൂപ അയയ്ക്കാന്‍ ആര്‍മി ഉദ്യോഗസ്ഥന്റെ മാനേജര്‍ എന്ന് അവകാശപ്പെട്ട് വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അഞ്ചു രൂപ അയയ്ക്കുകയും തിരികെ 10 രൂപ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഒരു മെസേജ് അയയ്ക്കുകയും കണ്ഫര്മേഷന് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കണ്ഫര്മേഷന് കൊടുത്ത ഉടന്‍ തന്നെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കപ്പെട്ടതായി ഇവന്മാനേജ്മെന്റ് ഗ്രൂപ്പ് ഉടമ രാഹുല്‍ പറയുന്നു.
പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ രീതിയില്‍ സംസാരിച്ച് ഫോണ്‍ കട്ടാക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് തൊടുപുഴ പൊലീസില്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.
സമാനമായ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും അരങ്ങേറിയിരുന്നു. പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ബർത്ത് ഡേ ആഘോഷത്തിനായി കൂറ്റൻ കേക്ക് ഓർഡർ ചെയ്തായിരുന്നു തുടക്കം. കേക്ക് വില്പനക്കാരിക്ക് സംശയം തോന്നിയതിനാൽ തട്ടിപ്പ് നടന്നില്ല, പക്ഷെ വലിയ കേക്കിന്റെ നിർമ്മാണ ചെലവ് നഷ്ടമായെന്ന് മാത്രം.