സുധാകരന്റെ പരസ്യ പ്രസ്താവനയില്‍ അതൃപ്തിയറിച്ച് ഉമ്മന്‍ചാണ്ടി

ഡിസിസി അധ്യക്ഷന്മാരുടെ പുനസംഘടനയില്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ അതൃപ്തിയറിയിച്ച് ഉമ്മന്‍ചാണ്ടി. പുനസംഘടനയുമായി ബന്ധപ്പെട്ട് താനുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍ ചര്‍ച്ച അപൂര്‍ണമായിരുന്നെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സുധാകരന്‍ പുറത്തുപറഞ്ഞത് ശരിയായില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ഒരു തവണയാണ് കെ സുധാകരനുമായി ചര്‍ച്ച നടത്തിയത്. അന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒപ്പമുണ്ടായിരുന്നു. രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി സുധാകരനുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കാമെന്നും വ്യക്തമാക്കി. തങ്ങളുടെ കാലത്ത് ആര്‍ക്കും പരാതികളുണ്ടായിട്ടില്ലെന്നും ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുപറയുന്നത് ഓരോരുത്തരുടെ ശൈലിയാണെന്നും പറഞ്ഞു.

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി ,രമേശ് ചെന്നിത്തല ,കെ സുധാകരന്‍ ,വി ഡി സതീശന്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളില്‍ പരിഗണിക്കുക കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാടാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി രാഹുല്‍ ഗാന്ധി തന്നെ നേതാക്കളെ നേരിട്ട് വിളിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം അറിയിച്ചത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മുതിര്‍ന്ന നേതാക്കള്‍ എന്ന പരിഗണനയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

അതേസമയം ഡിസിസി അധ്യക്ഷ പദവി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ച എ വി ഗോപിനാഥ് പാര്‍ട്ടിയിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

 

Mediawings:

spot_img

Related Articles

Latest news