പാലക്കാട് മെഡിക്കൽ കോളേജിൽ ഒ.പി സംവിധാനം ആരംഭിക്കുക എന്ന പാലക്കാടുകാരുടെ ദീർഘകാലത്തെ സ്വപ്നം ഇന്ന് സാക്ഷാൽക്കരിക്കപ്പെടുകയാണ്. മെഡിക്കൽ കോളേജ് ആരംഭിച്ച കാലം മുതൽ ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണിത്. അതു കണക്കിലെടുത്ത് ഒ.പി വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പെടുന്ന 500 ബെഡുകൾ ഉള്ള ആശുപത്രി ബ്ളോക്കിനായി 330 കോടി രൂപയാണ് ഈ സർക്കാർ അനുവദിച്ചത്. ഇതിൽ ഒ.പി ബ്ളോക്ക് പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. മറ്റു രണ്ടു ബ്ലോക്കുകളും ഈ വർഷം തന്നെ പ്രവർത്തനയോഗ്യമാകും.
ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനു പുറമേ, അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 406 തസ്തികകള്‍ മെഡിക്കൽ കോളേജിൽ സൃഷ്ടിച്ചു. ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മാത്രമായി 101 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതു കൂടാതെ 12 മേജര്‍ സ്പെഷ്യാലിറ്റി ഒപികള്‍, 12 അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന് തീയേറ്ററുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള ലെവല്‍-1 ട്രോമ കെയര്‍, നൂതന പീഡിയാട്രിക് വിഭാഗം, എമര്‍ജന്‍സി മെഡിസിന്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ന്യുമാറ്റിക് ട്രാന്‍സ്ഫര്‍ സിസ്റ്റം എന്നിവയും എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പാലക്കാട് നിവാസികളെ സംബന്ധിച്ചിടത്തോളം വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ വലിയ തോതിലുള്ള പരിഹാരമാകും.