കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. പി ജയരാജന്റെ പേരില്‍ വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പലരില്‍ നിന്നായി പണം തട്ടിയെടുക്കാനാണ് ശ്രമം നടക്കുന്നത്. തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ചൂണ്ടിക്കാട്ടി പി ജയരാജന്‍ കണ്ണൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയുടെ നമ്പറില്‍ നിന്നാണ് തട്ടിപ്പെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പി ജയരാജന്റേതെന്ന പേരില്‍ പ്രൊഫൈലുണ്ടാക്കി പലരില്‍ നിന്നും പ്രതി പണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും പണം നല്‍കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. മുന്‍പും പല പ്രമുഖരുടെയും പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ടിരുന്നതായി പരാതിയുണ്ട്. ഇത്തരം പരാതികള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
നേരത്തെ ചീഫ് സെക്രട്ടറിയുടെ ചിത്രം വെച്ച് നടത്തിയ തട്ടിപ്പില്‍ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥന് പണം നഷ്ടമായിരുന്നു. മുപ്പതിനായിരത്തോളം രൂപയാണ് ഉദ്യോഗസ്ഥന് നഷ്ടമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ചും വ്യാജ വാട്‌സാപ്പ് പ്രൊഫൈല്‍ ഉണ്ടാക്കുകയും ഉദ്യോഗസ്ഥരില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു.