കോട്ടയം: പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിനു വധശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 വിധിച്ചു.
സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. 2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു മരണം . കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായ അരുണ്‍ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പോലീസ് കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്‌കരന്‍ നായര്‍ക്ക് 71 ഉം വയസായിരുന്നു.
മറ്റൊരു മാല മോഷണ കേസില്‍ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. കൊലപാതകത്തിനു പുറമേ അരുണിനു മേല്‍ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനില്‍ക്കുമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ നാസര്‍ വിധിച്ചു.
കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിരുന്നു. അതിനാല്‍ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല. കേസിന്റെ വിചാരണ ഘട്ടത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുണ്‍ശശിയെ മൂന്നൂവര്‍ഷത്തിനു ശേഷം ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.