വനം വകുപ്പ് ജീപ്പില്‍ റീത്ത് വെച്ച്‌ ജനങ്ങള്‍:പുല്‍പ്പള്ളിയില്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കൈയേറ്റം

പുല്‍പള്ളി :കാട്ടാന ആക്രമണത്തില്‍ പ്രധിഷേധിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ.ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ മൂന്നു പാർട്ടികള്‍ ആഹ്വാനം ചെയ്ത ഹർത്താല്‍ നടക്കുന്നതിനിടെയാണ് വനം വകുപ്പിന്റെ ജീപ്പ് തടയുകയും കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തത്.രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.

ജീപ്പിന് പോലീസ് സംരക്ഷണം നല്‍കിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലില്‍ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ വച്ചു.

വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താല്‍ പുരോഗമിക്കുകയാണ്.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലില്‍ പോള്‍ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങള്‍ അക്രമാസക്തരായത്.

spot_img

Related Articles

Latest news