പ്ലസ്ടു : 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

പ്ലസ്ടുവിന് 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നതവിജയം നേടി. വിജയശതമാനം 83.87. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കി. വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം.

പ്ലസ്ടു ഫലം വിജയശതമാനത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ – 87.79. കുറവ് വയനാട് ജില്ലയിൽ – 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ.

വൊക്കേഷനൽ ഹയര്‍സെക്കൻഡറിയിൽ 29,711 പേർ പരീക്ഷ എഴുതിയതിൽ 23,251 പേർ വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വർഷത്തെ വിജയശതമാനം 79.62. വൊക്കേഷനൽ ഹയര്‍സെക്കൻഡറി വിജയ ശതമാനത്തിൽ കൊല്ലം ജില്ലയാണ് മുന്നിൽ – 87.77%.

ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.

∙ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in

 

Mediawings

spot_img

Related Articles

Latest news