കവിത: ഭൂമിയുടെ സംഗീതം

വരയും വരികളും

ഷാജ ഹാഫിസ് ഹാറൂൺ

കൂട്ടിലിണക്കിളികൾ കൊക്കുരുമ്മി മീട്ടും ശ്രുതിയിൽ

പൊന്നോലത്തുമ്പിലെത്തി കാറ്റ് മൂളി ഗാനം

ചാറ്റൽ മഴയിലാകാശം മണ്ണിലലിഞ്ഞ ഗന്ധം പോൽ ഭൂമിയുടെ സംഗീതം

മഴ പെയ്തു തോർന്ന നേരം മരം പെയ്തു മനോജ്ഞമായി

തെരു തെരെ ചുംബനമായ് പൂക്കളടർന്നു വീഴ്കെ.

 

കളകള സ്വരമായ് പിന്നെയും പുഴ പാടിയൊഴുകി

ആഴിയിൽ തെളിയും മുത്തുകൾ ചേർന്നു ചിലങ്ക കെട്ടി

 

സ്നേഹത്താൽ സൂര്യനെയൊന്നെത്തി നോക്കി നൃത്തമാടി

മോഹത്താൽ പുൽകി മെല്ലെ തീരത്തെ മൺതരികൾ

ഭൂമിയും ആകാശമായിട്ടൊന്നു ചേരുമുയിരായി

രാവിൻ നിശബ്ദതയിൽ മഞ്ഞുതുള്ളി പെയ്തിറങ്ങി.

 

ഇല്ലികൾ തൻ പ്രിയ ഗാനമേറ്റു പാടി മർമ്മരമായ്

പ്രാവുകൾ മെല്ലെയായി താളമോടെയൊന്നു കുറുകി

 

താരാഗണങ്ങളൊന്നായ് പുഞ്ചിരിച്ചു വാനിൽ നിന്ന്

ആശീർവദിക്കും പോലെ മിന്നി മിന്നി തെളിഞ്ഞു.

 

ഓരോ മനുജനും കടം കൊണ്ടതീയൊരു പ്രപഞ്ച താളം

സമത്വത്തിൻ ചിന്തകളാൽ നിറയേണം ഹൃദയ താളം

എഴുത്തുകാരിയും ചിത്രകാരിയുമായ ഷാജ ഹാഫിസ് ഹാറൂൺ, തിരുവനന്തപുരം ജില്ലയിലെ പറണ്ടോട് സ്വദേശിനിയാണ്.  ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും സ്ഥിരമായി എഴുതാറുണ്ട്.

spot_img

Related Articles

Latest news