ജില്ലാതല നോഡൽ ഓഫീസറെ കൊണ്ട് ഫോം അറ്റസ്റ്റ് ചെയ്യിക്കണമെന്ന പുതിയ വ്യവസ്ഥ പോലീസ് ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധിക്കുമെന്ന് വ്യാപക പരാതി. തെരഞ്ഞെടുപ്പുകളിൽ പോലീസ് ഉദ്യോഗസ്ഥര്‍ പൊതുവെ പോസ്റ്റല്‍ വോട്ടുകളാണ് ചെയ്യാറുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ് പോലീസ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതാണ്
പോലീസ് ഉദ്യോഗസ്ഥരുടെ വോട്ടിനായി ഒരു നോഡല്‍ ഓഫീസറെ എല്ലാ ജില്ലകളിലും നിയമിച്ചിരിക്കുകയാണ്. 12-ഡി ഫോം പൂരിപ്പിച്ച് നോഡല്‍ ഓഫീസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം. തുടര്‍ന്ന് മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാനാവുക. എന്നാല്‍ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് സാധിക്കുന്നില്ല. 13-ാം തീയതി മുതല്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ഓരോ സ്റ്റേഷനിലും ഗസറ്റഡ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉള്ളപ്പോഴാണ് ഒരു നോഡല്‍ ഓഫീസറെ മാത്രം നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സി ഐ മാരെയോ ഡിവൈഎസ്പിമാരെയോ നിയമിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു എന്നാണ് അസംതൃപ്തരായ പോലീസ് ഉദ്യോഗസ്ഥരുടെ വാദം.
പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും എതിര്‍ത്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരം ഒരു നിയമം കൊണ്ടുവന്നെങ്കിലും മതിയായ സമയം പോലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല പലര്‍ക്കും പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ നോഡല്‍ ഓഫീസറുടെ അടുത്ത് 12 ഡി ഫോമും തിരിച്ചറിയല്‍ രേഖകളുമായി എത്താന്‍ സാധിച്ചിട്ടില്ല. ഫോം അനുവദിച്ചെങ്കിലും വളരെ വൈകിയാണ് പല ഉദ്യോഗസ്ഥരുടെയും പക്കല്‍ എത്തുന്നത്.
മതിയായ തിരിച്ചറിയല്‍ പോലും നടത്താതെയാണ് നോഡല്‍ ഓഫീസര്‍ ഫോം അറ്റസ്റ്റ് ചെയ്ത് നല്‍കുന്നത്. ഒരു സ്റ്റേഷനില്‍ നിന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോമും തിരിച്ചറിയല്‍ രേഖകളുമായി ഒരു ഉദ്യോഗസ്ഥനാണ് ഹാജരാകുന്നത്. ഉദ്യോഗസ്ഥരെ നേരില്‍ കാണാതെയാണ് നോഡല്‍ ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുന്നത്. ആയിരക്കണക്കിന് വരുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ പാതി പേരുടെയെങ്കിലും വോട്ട് നഷ്ടപ്പെടാന്‍ കാരണമാകുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി എന്നാണ് ഉയരുന്ന വിവാദം