കോൺഗ്രസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന്, വോട്ടെണ്ണൽ 19 ന്

ന്യൂ ഡൽഹി: കോൺഗ്രസിൻ്റെ പുതിയ പ്രസിഡൻ്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് വോട്ടെടുപ്പ് നടക്കും. 19 നാണ് വോട്ടെണ്ണൽ. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് പുതിയ എഐസിസി പ്രസിഡൻ്റിനായുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രവർത്തക സമിതി യോഗം വെർച്വലായി ആരംഭിച്ചത്. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു പിന്നാലെയാണ് പ്രവർത്തക സമിതി യോഗം ചേർന്നതെന്നതും ശ്രദ്ധേയമാണ്. സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്. പാദസേവകരുടെ നിയന്ത്രണത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചുവെന്നും ആസാദ് തുറന്നടിച്ചിരുന്നു. 2013ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതു മുതലാണു പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നതെന്നും രാജിക്കത്തിൽ ആസാദ് ആക്ഷേപിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഓഡിനൻസ് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ കാര്യങ്ങളടക്കം ഗുലാം നബി ആസാദ് രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഗുലാം നബി ആസാദ് പുതിയ ദേശീയ പാർട്ടി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിനു മുന്നോടിയായി ജമ്മു കശ്മീരിൽ പൊതുയോഗം വിളിച്ചുചേർക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. സെപ്റ്റംബർ നാലിന് ജമ്മു കശ്മീരിൽ ആസാദിൻ്റെ നേതൃത്വത്തിൽ പൊതുയോഗം നടക്കുമെന്ന് ആസാദിന് പിന്തുണ അറിയിച്ച് കോൺഗ്രസ് വിട്ട ജി എം സറൂറി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആനന്ദ് ശർമ്മ യോഗത്തിൽ
പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഗുലാം നബി ആസാദിനൊപ്പം ജി 23 യിൽ ഉണ്ടായിരുന്ന മുതിർന്ന നേതാവ്

ആനന്ദ് ശർമ്മ പങ്കെടുത്തു.

ആസാദിനു പിന്നാലെ ആനന്ദ് ശർമ്മയും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നേരത്തെ സംസ്ഥാന പദവികളിൽ നിന്ന് ആനന്ദ് ശർമ്മ രാജിവെച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂധൻ മിസ്ത്രി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രിമാരായ ജയ്റാം രമേശ്, മുകുൾ വാസ്നിക്, പി ചിദംബരം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും യോഗത്തിൽ പങ്കെടത്തു.

spot_img

Related Articles

Latest news