കേരള ഹൈക്കോടതി മുൻസിഫ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി മലപ്പുറം സ്വദേശി.
മലപ്പുറം :എടപ്പാൾ സ്വദേശിനി കേരള ഹൈക്കോടതി നടത്തിയ മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എടപ്പാൾ പൂക്കരത്തറ സ്വദേശിനിയും പട്ടിശ്ശേരി ചീരാംപറമ്പിൽ ഹൈദർ അലിയുടെ ഭാര്യയുമായ ഷാഹിന എൻ.വി നാടിന് അഭിമാനമായി.
കേരള ജുഡീഷ്യല്‍ സര്‍വ്വീസ് മുന്‍സിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ 6-ാം റാങ്ക് നേടിയാണ് ഷാഹിന അഭിമാന നേട്ടം കരസ്ഥമാക്കിയത്. പൂക്കരത്തറ എ.എം.എൽ.പി സ്കൂൾ, നെല്ലിശ്ശേരി എ.യു.പി.എസ് സ്കൂൾ എന്നിവടങ്ങളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കി പൂക്കത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സും ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും നേടി.
തുടർന്ന് തൃശൂർ ഗവ. ലോ കോളേജിൽ നിന്നാണ് എൽ.എൽ.ബി ബിരുദം കരസ്ഥമാക്കിയത്. പിന്നീട് പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. ഷാഹുൽ ഹമീദിന്റെ കീഴിലായി പ്രാക്ടീസ് ചെയ്തു വരുന്നതിനിടയിലാണ് കേരള ജുഡീഷ്യല്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതും റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നതും.
പൂക്കരത്തറ നായകത്ത് വളപ്പിൽ എൻ.വി അബ്ദുൽ ഹമീദ് താഹിറ ദമ്പതികളുടെ ഏക മകളാണ് ഷാഹിന. സഹോദരങ്ങള്‍ ഷിഹാസ്, ഷാഹിദ് മകൾ: ഫാത്തിമ അലിഷ (6)