കോട്ടയം: ആവേശകരമായ പ്രചാരണം നടന്ന പുതുപ്പള്ളിയില്‍ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്.
അതേസമയം, യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കില്‍ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിട്ടുള്ളത്. ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകള്‍, 20 മേശകളിലായാണ് എണ്ണുക.
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. എക്‌സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും.