കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തില്‍ തനിക്ക് ജയമുറപ്പെന്ന് യുഡിഎഫ്. സ്ഥാനാർത്ഥി പി വി അൻവർ. മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സണ്‍ കോർണർ മുതല്‍ എസ്‌എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷൻ വരെ നടക്കും.മറിച്ച് സംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. മണ്ഡലത്തില്‍ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തില്‍ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എല്‍ഡിഎഫ് കോട്ടയായി തന്നെ നില്‍ക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം.
‘റിയാസിന് 65000 വോട്ടുകള്‍ക്ക് മുകളില്‍ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. യുഡിഎഫ് നേതാക്കള്‍ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാർത്ഥത്തില്‍ ആരാണ്.ഇടതുപക്ഷത്തെ തകർക്കുന്നത് മുഹമ്മദ് റിയാസിന്റെ പാർട്ടിയിലെ അപ്രമാദിത്വമാണ്. പാർട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തു. അതിന് വളംവച്ച് കൊടുത്തത് പാർട്ടി സെക്രട്ടറിയാണ്. പിണറായിയും ജനങ്ങളും തമ്മിലാണ് തിരഞ്ഞെടുപ്പ്. ബേപ്പൂരില്‍ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി- സിപിഎം ഡീല്‍ പൊളിഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം പിണറായിക്ക് കഞ്ഞിവച്ചു കൊടുത്തു.കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യുഡിഎഫിന് വോട്ടുചെയ്തു. അതില്‍ ഇടത് വോട്ടുകളുമുണ്ട്’- അൻവർ പറഞ്ഞു.
‘ ഈ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ടുണ്ട്. ശബരിമല തിരഞ്ഞെടുപ്പിലെ വലിയ വിഷയമായി. മാണി കോണ്‍ഗ്രസിന്റെ ഓഫീസ് പൂട്ടുന്ന തിരഞ്ഞെടുപ്പാകും ഇത്. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളാണ്. അയാള്‍ക്ക് പൂമാല ഇട്ടുകൊടുത്തത് പിണറായി വിജയൻ ആണ്. എക്സിറ്റ് പോള്‍ ഫലം ഞാൻ പറഞ്ഞതിന് സമാനമാണ്.’- അൻവർ കൂട്ടിച്ചേർത്തു.
ബേപ്പൂരില്‍ വിജയം ഉറപ്പെന്ന് നേരത്തേയും അൻവർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ അൻവർ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചിരുന്നു. ശക്തമായ മത്സരമാണ് അൻവർ കാഴ്ചവച്ചതെന്നാണ് റിപ്പോർട്ട്.

