ദോഹ: എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിന്റെ കോവിഡ് ഗ്രീന്‍ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള ചില വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി. രാജ്യത്ത് കോവിഡ് രോഗികള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്.
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലുള്ള എല്ലാവര്ക്കും ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണെന്നും ചില വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന ഇളവുകള്‍ ഇനി മുതല്‍ ലഭ്യമല്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.കുഞ്ഞുങ്ങളുള്ള മാതാക്കള്‍, പ്രായമായവര്‍, കുട്ടികള്‍, ദീര്‍ഘകാല രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഹോം ക്വാറന്റീന് മതിയായിരുന്നു. ഈ ഇളവാണ് ഇല്ലാതായത്.
കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീന്‍ലിസ്റ്റ്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യക്കാര്‍ക്ക് മാത്രമേ നിലവില്‍ ഹോട്ടല്‍ ക്വാറന്റീന് ആവശ്യമില്ലാത്തതുള്ളൂ. ഇവര്‍ ഹോം ക്വാറന്റീനിലാണ് കഴിയേണ്ടത്.
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റീന് വ്യവസ്ഥകള്‍ ഇങ്ങനെയാണ്:
ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ് -19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറന്റീന് ഉറപ്പു നല്കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കണം. ഒരാഴ്ചക്ക് ശേഷം ഹെല്‍ത്ത് സെന്ററിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കില്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവ് ആണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിയുകയും ക്വാറന്റീന് അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യക്കാരുടെ ക്വാറന്റീന് വ്യവസ്ഥകള്‍ ഇങ്ങനെയാണ്:
ഇവര്‍ ഖത്തര്‍ എയര്‍വേസിലാണ് വരുന്നതെങ്കില്‍ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മുന്‍കൂട്ടിയുള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍ നിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറന്റീന് ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഒരാഴ്ച ഹോട്ടല്‍ ക്വാറന്റീന്. ആറാംദിനം കോവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കില്‍ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റീന്. വിസയുള്ളവര്‍ ‘എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ്’കൈപ്പറ്റിയതിന് ശേഷം മാത്രമേ ഖത്തറിലേക്ക് വരാന്‍ കഴിയൂ.
ഖത്തറില്‍ രോഗികളുടെ വര്‍ധനവ് തുടരുകയാണ്. ഇത് കോവിഡിന്റെ രണ്ടാംവരാവിൻറെ ആദ്യസൂചനകളാണ്. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്.
കഴിഞ്ഞ മാസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ സ്ഥിരമായി വര്‍ധനവുണ്ടാകുന്നു. ദിനേനയുള്ള വര്‍ധനവിന്റെ തോത് ഉയര്‍ന്നുതന്നെ നില്ക്കുന്നു. ഡിസംബര്‍ മധ്യം മുതല്‍ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തില്‍ കൂടിവരുകയാണ്.
രാജ്യത്തെയും ലോകത്തെയും വിവിധ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് യാത്രസംബന്ധമായ കാര്യങ്ങളില്‍ ഖത്തര്‍ മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നത്. സാഹചര്യങ്ങള്‍ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രസംബന്ധമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.