ചാരവൃത്തി ആരോപിച്ച്‌ ജയിലിടച്ച മലയാളിയടക്കം8 മുന്‍ ഇന്ത്യന്‍ നാവികരെ ഖത്തര്‍ വിട്ടയച്ചു; 7 പേര്‍ നാട്ടിലെത്തി

ചാരവൃത്തികുറ്റം ആരോപിച്ച്‌ ഖത്തര്‍ ജയിലിലടച്ചിരുന്ന ഇന്ത്യയുടെ എട്ട് മുന്‍ നാവികരെയും വിട്ടയച്ചു.ഇന്നു രാവിലെയാണ് ഇവരുടെ മോചനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇവരില്‍ ഏഴ് പേര്‍ നാട്ടില്‍ തിരിച്ചെത്തി. 18 മാസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ഇവര്‍ നാട്ടിലെത്തുന്നത്.

ദഹ്‌റ ഗ്ലോബല്‍ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ ഖത്തറിന്റെ കസ്റ്റഡിയിലാകുന്നത്. ഇവരുടെ മോചനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഖത്തര്‍ അമീറിന്റെ ഈ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

തങ്ങളുടെ മോചനത്തെ കുറിച്ച്‌ മുന്‍പ് വിവരമൊന്നും ഖത്തര്‍ പുറത്തുവിട്ടിരുന്നില്ല. മോചനം അറിയിച്ചയുടന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ കയറ്റി വിടുകയും പുലര്‍ച്ചെ രണ്ട് മണിയോടെ ഇന്ത്യയില്‍ എത്തുകയും ചെയ്തുവെന്ന് നാവികര്‍ പറയുന്നു.

ക്യാപ്റ്റന്‍ നവ്ജിത് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, കമാന്‍ഡര്‍ സുഗുണകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, സെയ്‌ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെ 2022 ഓഗസറ്റിലാണ് ഖത്തര്‍ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ഇവര്‍ ജയിലിലായിരുന്നു. ഇവരില്‍ രാഗേഷ് മലയാളിയാണ്. ദഹ്‌റ ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജീവനക്കാരായ ഇവര്‍ ഇറ്റാലിയന്‍ യു212 മുങ്ങിക്കപ്പലുകള്‍ ഖത്തര്‍ എമിരി നാവിക സേനയ്ക്ക് പരിചയപ്പെടുത്തുന്നതിനാണ് ഖത്തറില്‍ തങ്ങിയതെന്നാണ് വിവരം. ചാരവൃത്തി ആരോപിച്ച്‌ പിടികൂടിയ ഇവര്‍ക്ക് ഖത്തര്‍ കോടതി 2023 ഒക്‌ടോബര്‍ 26ന് വധശിക്ഷ വിധിച്ചു. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് തടവുശിക്ഷയായി ലഘൂകരിച്ചു. ഇന്നലെ അപ്രതീക്ഷിതമായി മോചനം പ്രഖ്യാപിക്കുകയായിരുന്നു.

spot_img

Related Articles

Latest news