കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനശ്രമത്തിനായി രൂപവത്കരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് പ്രഖ്യാപിച്ച 25 ലക്ഷം രൂപ അബ്ദുറഹീമിന്റെ വീട്ടിൽ നേരിട്ടെത്തി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി കൈമാറി. റഹീം നിയമസഹായ സമിതി മുഖ്യ രക്ഷാധികാരിയും കെഎംസിസി സൗദി ജനറൽ സെക്രട്ടറിയുമായ അഷ്‌റഫ് വേങ്ങാട്ട് തുക ഏറ്റുവാങ്ങി. അബ്ദുറഹീം ലീഗൽ അസിസ്റ്റൻഡ് കമ്മിറ്റി ഭാരവാഹികളും റഹീമിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.