റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ തിരിക്കിട്ട ശ്രമങ്ങള്‍. മരിച്ച സൗദി പൗരന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചയ്ക്കായി റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായകമ്മിറ്റി സമയം തേടി. ദയാധനമായ 34 കോടി രൂപ സമാഹരിച്ചെന്ന വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. റഹീമിന്റെ വീട്ടിലേക്ക് ഇന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ബാലികേറാമലയെന്ന് കരുതിയ 34 കോടി രൂപ സമാഹരിച്ചെങ്കിലും അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിക്കാന്‍ ഇനിയും നിരവധി കടമ്പകളുണ്ട്. റഹീമിന് സംഭവിച്ച കയ്യബദ്ധത്തെത്തുടര്‍ന്ന് ജീവന് നഷ്ടമായ സൗദി സ്വദേശിയായ പതിനഞ്ചുകാരന് നല്‍കാനുള്ള 34 കോടി രൂപ സമാഹരിച്ചെന്ന വിവരം റിയാദിലെ നിയമസഹായ സമിതി ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇന്നുതന്നെ സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്കും സമയം തേടിയിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും വധശിക്ഷ റദ്ദ് ചെയ്യണമെന്ന കുടുംബത്തിന്റെ സമ്മതം കോടതിയില്‍ അറിയിക്കണമെന്നും ആവശ്യപ്പെടും. കോടതി അനുമതി ലഭിച്ചാല്‍ സമാഹരിച്ച 34 കോടി രൂപ ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന്റെ പേരില്‍ ഇതിനായി മാത്രം തയ്യാറാക്കുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പിന്നീടുള്ള നടപടിക്രമം. അതിന് ശേഷം വധശിക്ഷ റദ്ദ് ചെയ്തെന്ന ഉത്തരവ് ഇറക്കണം. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതി അറിയിച്ചു.
മകനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമ. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാധാരണക്കാരായ നിരവധി പേര് റഹീമിന്റെ വീട്ടിലെത്തി. റഹീമിന്റെ മോചനത്തിനായുള്ള സ്വദേശത്തെ കമ്മിറ്റിയും ഇന്ന് യോഗം ചേര്‍ന്നു. 34 കോടി രൂപ സമാഹരിച്ചെന്ന സന്തോഷ വാര്‍ത്ത എംബസി ഉദ്യോഗസ്ഥന് വഴി റിയാദിലെ ജയിലിലുള്ള റഹീമിനെ ഉടന്‍ നേരിട്ടറിയിക്കും. എന്നാല്‍ കോടതിയുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ മോചനത്തിന് ഏറ്റവും ചുരുങ്ങിയത് ഒന്നരമാസമെങ്കിലും എടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്.