കല്‍പ്പറ്റ: ജീവനുള്ള കാലത്തോളം വയനാടിനോട് കടപ്പെട്ടിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ലെന്നും അവര്‍ തന്നെ കാരാഗൃഹത്തിലടച്ചാലും വയനാടിനോടുള്ള തന്റെ ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിക്ക് എന്റെ മേല്‍വിലാസം എടുത്തുമാറ്റാം, ജയിലില്‍ അടയ്ക്കാം വയനാട്ടിലെ ജനങ്ങളെ പ്രതിനീധികരിക്കുന്നതില്‍ നിന്ന് മാറ്റാനാവില്ല. ഏതൊരാള്‍ക്കും ജീവിക്കാനാഗ്രഹിക്കുന്ന രാഷ്ട്രവും സംസ്ഥാനവും സൃഷ്ടിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നത് തെരഞ്ഞെടുക്കുക എന്നതാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. ദരിദ്രനായ വ്യക്തി എന്‍ജിനിയര്‍ ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത്തരമൊരു രാജ്യമാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്’- രാഹുല്‍ പറഞ്ഞു.
‘നിരവധി വര്‍ഷമായി ബിജെപിക്കെതിരെ താന്‍ പോരാട്ടം തുടരുന്നുണ്ട്. അവരുടെ എതിരാളി അവരെ ഒരിക്കലും ഭയപ്പെടുന്ന ആളല്ലെന്ന് ഒരു തരത്തിലും മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അത് എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ചാല്‍ ഞാന്‍ ഭയപ്പെടുമെന്നാണ് അവര്‍ കരുതുന്നത്. വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ ഭയപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങളുടേയും പ്രശ്‌നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പൈശാചികമായ കാര്യങ്ങള്‍ എന്നോട് ചെയ്താലും എനിക്ക് നിങ്ങളോട് യാതൊരു വിരോധവുമില്ല’- രാഹുല്‍ പറഞ്ഞു.
‘മോദിയോട് ഞാന്‍ ലോക്‌സഭയില്‍ ഒരു ബിസിനസുകാരനെ കുറിച്ച് ചോദിച്ചു. അതിനെ എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. നിങ്ങളും അദാനിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഞാന്‍ ചോദിച്ചത്. ആ ചോദ്യം തുടര്‍ച്ചായായി ചോദിച്ചു. എങ്ങനെയാണ് അദാനി ലോകസമ്പന്നരില്‍ രണ്ടാമത് ആയത്?. പ്രധാനമന്ത്രി എങ്ങനെയാണ് സഹായിച്ചതെന്ന് ഉദാഹരണ സഹിതം ലോക്‌സഭയില്‍ ചൂണ്ടിക്കാണിച്ചെന്നും രാഹുല്‍ പറഞ്ഞു.
‘നാലുവര്‍ഷം മുന്‍പ് ഞാന്‍ ഇവിടേക്ക് കടന്നുവന്ന് നിങ്ങളുടെ പാര്‍ലമെന്റ് അംഗമായി മാറി. എന്നെ സംബന്ധിച്ച് വയനാട്ടിലെ എന്റെ തെരഞ്ഞടുപ്പ് പ്രചാരണം വ്യത്യസ്തമായിരുന്നു. നിങ്ങളിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു എന്റെ പ്രചാരണം. നിങ്ങള്‍ നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണം എന്നിലുണ്ടാക്കിയത് താന്‍ നിങ്ങളുടെ സഹോദരനാണെന്നതാണ്’- രാഹുല്‍ പറഞ്ഞു.