കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി-23 നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് മുന്‍പ് തന്നെ രാഹുല്‍ ജി-23 നേതാക്കളെകണ്ട് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് നിലപാടില്‍ ജി-23 നേതാക്കള്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഒരുങ്ങുന്നത്. ചിന്തന്‍ ശിബിറിന്റെ അജണ്ട അടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ ജി- 23 നേതാക്കളുമായി ചര്‍ച്ച ചെയ്യും.
2014 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിയുന്നത് ചൂണ്ടിക്കാട്ടിയാണ് തിരുത്തല്‍വാദി നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത്. പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ വരാതെ സംഘടനയെ ശക്തിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് ജി-23 നേതാക്കള്‍.
ജി-23 നേതാക്കളുള്‍പ്പെടെ പാര്‍ട്ടിയിലെ പത്ത് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നോ നാളെയോ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ജി-23 നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോഴത്തെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.
ക്ഷണിച്ച് വരുത്തിയ തോല്‍വിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും കോണ്‍ഗ്രസിന്റെ തണല്‍ ജനങ്ങല്‍ക്ക് നഷ്ടമാക്കിയ തോല്‍വിയാണ് ഉണ്ടായതെന്നും ജി 23 വിമര്‍ശിച്ചു. നോമിനേഷനിലൂടെ എത്തിയവര്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. വിമര്‍ശനങ്ങളെ അസഹിഷ്ണുത കൊണ്ട് നേരിടുന്നുവെന്നും നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.