ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറില്‍ സമാപിക്കും. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
21 പാര്‍ട്ടികളെ ക്ഷണിച്ചിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ഡി.പി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവര്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഡി.എം.കെ, എന്‍.സി.പി, ആര്‍.ജെ.ഡി, ജെ.ഡി.യു, ശിവസേന, സി.പി.ഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി, കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തുടങ്ങിയ പാര്‍ട്ടികള്‍ സമാപനത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ജോഡോ യാത്ര നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച അവന്തിപുരയിലെ ചെര്‍സോ ഗ്രാമത്തില്‍നിന്ന് യാത്ര പുനരാരംഭിച്ചപ്പോള്‍ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ അണിചേര്‍ന്നിരുന്നു.
അതേസമയം ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം പൊലീസ് നിഷേധിച്ചു. യാത്രക്ക് സുരക്ഷയൊരുക്കുന്നതില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് കുമാര്‍ പറഞ്ഞു. യാത്രക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 145 ദിവസം നീണ്ടുനിന്ന യാത്രയില്‍ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3,970 കിലോ മീറ്റര്‍ ദൂരമാണ് രാഹുല്‍ ഗാന്ധി കാല്‍നടയായി താണ്ടിയത്.