ചെന്നൈ: രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളായ ശാന്തൻ എന്ന സുതേന്തിരരാജ (55) അന്തരിച്ചു. ജയില്‍ മോചിതനായി തിരികെ ശ്രീലങ്കയിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.
കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജിവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാൻ ശ്രീലങ്കയില്‍ പോകാൻ സഹായം അഭ്യർത്ഥിച്ച് ഇരു സർക്കാരുകള്‍ക്കും ശാന്തൻ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസം തിരികെ പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റും അനുവദിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് വിട്ടയച്ച ഏഴ് പ്രതികളില്‍ ഒരാളാണ് ശാന്തൻ. ശന്തനു പുറമെ നളിനി, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി 2022ല്‍ വിട്ടയച്ചത്. എ.ജി പേരറിവാളനെ നേരത്തെ വെറുതെവിട്ടിരുന്നു. നളിനിയും, മുരുകനും ജയില്‍ മോചിതരായെങ്കിലും മറ്റുള്ളവർ പ്രത്യേക ക്യാമ്ബില്‍ തുടരുകയായിരുന്നു. പാസ്പോർട്ടും, മറ്റ് രേഖകളും ഇല്ലാത്തതിനാല്‍ വിദേശ കുറ്റവാളികളെ താമസിപ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. എല്‍ടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്ന ശാന്തന് രാജീവ് ഗാന്ധി വധത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷിച്ചത്.