സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കുള്ള ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ മാലിദ്വീപ് തീരുമാനമെടുത്തതായി മാലിദ്വീപ് സിവിൽ ഏവിയേഷൻ്റെ ഏറ്റവും പുതിയ സർക്കുലർ.
ജൂലൈ 15 മുതൽ ഇന്ത്യയടക്കമുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസയിൽ മാലിദ്വീപിലേക്ക് പ്രവേശിക്കുന്നതിനു അനുമതിയുള്ളതായി ജൂലൈ 7 ൻ്റെ സിവിൽ ഏവിയേഷൻ സർക്കുലറിൽ വ്യക്തമാക്കുന്നു.
നേരത്തെ മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ സർക്കുലറിലും സൗത്ത് ഏഷ്യൻ രാജ്യങ്ങളിലുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.
അതേ സമയം മാലിദ്വീപിലെ ജനവാസ കേന്ദ്രങ്ങളിലെ താമസ സ്ഥാലങ്ങളിൽ താമസിക്കുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നടക്കമുള്ള സൗത്ത് ഏഷ്യൻ രാജ്യക്കാർക്ക് ഉണ്ടാകില്ല. ഇവർ ജന വാസ കേന്ദ്രങ്ങളല്ലാത്ത മറ്റു ദ്വീപുകളിലെ റിസോർട്ടുകളിൽ താമസിക്കേണ്ടി വരുമെന്നാണു മനസ്സിലാകുന്നത്.
മാലിദ്വീപിലേക്ക് പുറപ്പെടും മുംബ് എടുത്ത പി സി ആർ ടെസ്റ്റിനു പുറമെ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ടൂറിസ്റ്റുകൾ മാലിദ്വീപിൽ ഇറങ്ങി 48 മണിക്കൂറിനും 72 മണിക്കൂറിനുമുള്ളിൽ പി സി ആർ ടെസ്റ്റ് നടത്തുകയും വേണം.
നേരത്തെ ശരാശരി ഒരു ലക്ഷത്തിനും മറ്റും ഉള്ള പാക്കേജുകളായിരുന്നു ട്രാവൽ ഏജൻസികൾ നടത്തിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ ജനവാസ കേന്ദ്രങ്ങളിൽ താമസിക്കാൻ സാധ്യമാകാതെ വരുംബോൾ താമസത്തിനു സ്വാഭാവികമായും ചിലവ് കൂടും.
ഏതായാലും പല വഴികളും അടയുന്നതിനിടയിൽ മാലിദ്വീപ് വഴി സൗദിയിലേക്കുള്ള സഞ്ചാരം സാധ്യമായത് പ്രവാസികൾക്ക് വലിയ ആശ്വാസം തന്നെയാണ്.