റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് കര്‍ശന നിബന്ധനകള്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമ്പോൾ കര്‍ശനമായ ചില പ്രോട്ടോകോളുകള്‍ പാലിക്കണമെന്ന് മുനിസിപ്പല്‍, ഗ്രാമീണ കാര്യ, ഭവന നിര്‍മ്മാണ മന്ത്രാലയം ആവശ്യപ്പെട്ടു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും പ്രത്യേക പ്രോട്ടോകോളുകള്‍ പാലിക്കണമെന്നാണ് ആവശ്യം. വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

കഫേകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ സാമൂഹിക അകലം, രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കല്‍, റെസ്റ്റോറേറ്റുകളിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിങ്ങനെ മൂന്ന് സെക്ഷനുകളിലായാണ് പ്രോട്ടോകോളുകള്‍ ഇറക്കിയത്. ഒരേ ടേബിളില്‍ ഒന്നിലധികം ഗ്രൂപ്പുകളെ അനുവദിക്കില്ല, മൂന്ന് മീറ്റര്‍ അകലം ഇല്ലാത്ത സ്ഥാപനങ്ങളില്‍ അകത്ത് വെച്ച്‌ ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല. പ്രവേശന കവാടങ്ങളില്‍ തിരക്കുകള്‍ കുറക്കുന്നതിനും അകത്ത് സാമൂഹിക അകലം പാലിക്കുന്നതിനും നടപടികള്‍ കൈകൊള്ളണം. എന്നാല്‍ ഒരേ കുടുംബങ്ങളില്‍ പെട്ടവര്‍ക്ക് ഇത് ബാധകമല്ല. അകത്ത് മറ്റുള്ളവരുടെ സീറ്റുകള്‍ ഒഴിയുന്നത് വരെ കാത്തിരിക്കുന്നതിന് ആരെയും അനുവദിക്കരുത്. പ്രവേശന, പുറത്തിറങ്ങല്‍ കവാടങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളണം.

ഒരേ ടേബിളില്‍ ഇരിക്കുന്നവര്‍ ഒരേ കുടുംബങ്ങളില്‍ നിന്നുള്ളവരാണെങ്കിലും അഞ്ചില്‍ കൂടുതല്‍ കവിയരുത്. സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് തവക്കല്‍ന ആപ്ലിക്കേഷന്‍ നിര്ബന്ധമാണ്. പോസിറ്റിവ് കേസുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വിഖായ ടീമിനെയോ ആരോഗ്യ മന്ത്രാലയത്തെയോ അറിയിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് മുനിസിപ്പല്‍, ഗ്രാമീണ കാര്യ, ഭവന നിര്‍മ്മാണ മന്ത്രാലയം പുറത്തിറക്കിയത്. സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും റെസ്റ്റോറന്റുകളി ലെയും കഫേകളിലെയും എല്ലാ മേഖലകളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉപഭോക്താക്കളെ റെസ്റ്റോറന്റിലേക്കോ കഫേയിലേക്കോ അനുവദിക്കുന്നതിന് മുമ്പ് അവരുടെ ശരീര താപനില അളക്കാനും ഉയര്‍ന്ന താപനിലയോ ശ്വസന ലക്ഷണങ്ങളോ ഉള്ള ഉപഭോക്താക്കളെ റെസ്റ്റോറന്റി ലേക്ക് പ്രവേശിക്കുന്നത് തടയാനും മന്ത്രാലയം ആവശ്യപ്പെട്ടു.

ജീവനകാരന് ഇന്‍ഫ്ലുവന്‍സയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ടെങ്കില്‍, രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നതുവരെ ജോലി ചെയ്യാനോ പ്രവേശിക്കാനോ അനുവദിക്കരുത്. ശരീര താപനിലയും ബന്ധപ്പെടാനുള്ള വിവരങ്ങളും പ്രത്യേക രേഖയില്‍ രജിസ്റ്റര്‍ ചെയ്ത് സംരക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കര്‍ശനമായ നിബന്ധനകളോടെയാണ് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള നിബന്ധനകള്‍ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

 

spot_img

Related Articles

Latest news