പഴയ ഷർട്ടിൽ നിന്നും കിട്ടിയ സ്വർണം തിരിച്ചെത്തിച്ച് മൈസൂരു സ്വദേശികൾ

സംഭാവനയായി ലഭിച്ച പഴയ ഷർട്ടിൽ നിന്നും കിട്ടിയ സ്വർണം തിരിച്ചെത്തിച്ച് മൈസൂരു സ്വദേശികൾ. നാദാപുരത്തിനടുത്തു പുറമേരി വിലാതപുരത്തെ കുന്നോത്ത് താഴെകുനിയിലാണ് സംഭവം.

മൈസൂരുവിലെ എസ്.എസ്. മനോജ് സേവാശ്രം ട്രസ്റ്റിന്റെ പ്രവർത്തകരാണ് സുനിലും തുക്കാറാമും. ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ വന്ന് പഴയ വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നവരാണ് രണ്ടുപേരും. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവർ താഴെകുനിയിൽ രാജന്റെ വീട്ടിലെത്തിയത്. ഭാര്യ രജിത വീട്ടിലുണ്ടായിരുന്നു.

പഴയ വസ്ത്രം ചോദിച്ചപ്പോൾ ഭർത്താവിന്റെ രണ്ടു ഷർട്ടും രണ്ടു മുണ്ടും നൽകി. ഒരു ഷർട്ടിന്റെ പോക്കറ്റിൽ രജിത തന്റെ സ്വർണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു. രണ്ടും കൂടി രണ്ടര പവൻ വരും. സുനിലും തുക്കാറാമും ഇതുമായി മടങ്ങുകയും ചെയ്തു. വൈകീട്ടാണ് താൻ ആഭരണം അഴിച്ചുവെച്ച ഷർട്ടാണ് നൽകിയതെന്ന് ഓർമവന്നത്. വന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. മൈസൂരു സ്വദേശികൾ മാത്രമാണെന്നാണ് ആകെ അറിയാവുന്നത്. ഭർത്താവും മറ്റും ചേർന്ന് നാദാപുരം പോലീസിൽ പരാതിയും നൽകി.

സ്വർണം നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ചിരിക്കെയാണ് സുനിലും തുക്കാറാമും ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് കയറിവരുന്നത്. മാലയും മോതിരവും അവർ സന്തോഷത്തോടെ രജിതയ്ക്ക് കൈമാറി. ആ നന്മയ്ക്കുമുന്നിൽ കണ്ണീർ പൊഴിക്കാനല്ലാതെ മറ്റൊന്നും രജിതയ്ക്ക് കഴിഞ്ഞില്ല.

രാത്രി മുറിയിലെത്തി കിട്ടിയ വസ്ത്രങ്ങൾ മടക്കിവെക്കുന്നതിനിടെയാണ് ഒരു ഷർട്ടിന്റെ പോക്കറ്റിൽ സ്വർണം കണ്ടത്. അത് രജിത നൽകിയ ഷർട്ടാണെന്ന് അവർക്ക് ഉറപ്പായിരുന്നു. പഴയ വസ്ത്രമാണ് ചോദിച്ചതെങ്കിലും രജിത നൽകിയത് അധികം ഉപയോഗിക്കാത്ത ഷർട്ടാണ്. ഇക്കാര്യം ഇവർ ശ്രദ്ധിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെതന്നെ ബസ് കയറി നേരെ രാജന്റെ വീട്ടിലെത്തി. സേവനമാണ് തങ്ങളുടെ ദൗത്യമെന്നും ഇതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും സുനിലും തുക്കാറാമും പറഞ്ഞു.

Media wings

spot_img

Related Articles

Latest news