ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർകുഞ്ഞു ഫൗണ്ടേഷൻറെ ‘റിസ’ യുടെ നേതൃത്വത്തിൽ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ജൂൺ 26, 27 തീയതികളിൽ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ഏഴുവർഷമായി റിസ സംഘടിപ്പിക്കുന്ന ഈ പരിപാടി യിൽ പ്രൊഫഷണൽകോളേജുകൾ ഉൾപെടെ വിദ്യാഭാസസ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.
സൗദി അറേബിയ ഉൾപ്പെടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജൂൺ 26 ഞായറാഴ്ചയും ഇന്ത്യയിലെയും മറ്റുവിദേശരാജ്യങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ 27 തിങ്കളാഴ്ച്ചയും പ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കും. എന്നാൽ മധ്യവേനൽ അവധിയ്ക്ക് നേരത്തെ അടയ്ക്കുന്നതിനാൽ റിയാദ് ഇന്റർ നാഷ ണൽ ഇന്ത്യൻ സ്‌കൂളിൽ ജൂൺ 22 -നാണ് പ്രതിജ്ഞ നടക്കുന്നത്. വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാർ, മാനേജ്‌മെന്റ് കമ്മിറ്റിഅംഗങ്ങൾ റിസയുടെ വിവിധ റീജിയണൽ/സോണൽ ഘടകങ്ങൾ അതതു പ്രദേശങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നല്കും.
സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ 2012 -ൽ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച ‘റിസ’ 2020 മുതൽ യു എൻ ഒ ഡി സി യുടെ എൻ ജി ഒ പട്ടികയിലും യു എൻ ഡേറ്റ ബേസിലും ഇടം നേടിയിട്ടുണ്ട്. ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാപരിപാടിയിൽ ബന്ധപ്പെട്ട എല്ലാപേരും സഹകരിക്കണ മെന്നും മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കെടുക്കണമെന്നും റിസാ കൺവീനറും സുബൈർകുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ: എസ് .അബ്ദുൾ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ് ഡോ: എ .വി. ഭരതൻ, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, കേരളാ കോർഡിനേറ്റർ കരുണാകരൻപിള്ള എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ, risa.skf@gmail.com എന്ന ഈ –മെയിലിലോ +918301050144, +919656234007 എന്നീ വാട്സ്ആപ് നമ്പറുകളി ലോ ബന്ധപ്പെടുക. .