റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാല്‍നി (47) മരിച്ചതായി റിപ്പോർട്ട്.ജയിലില്‍ കഴിയുകയായിരുന്ന നവാല്‍നി നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ജയിലിലെ മെഡിക്കല്‍ ജീവനക്കാർ ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭീകരവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ നവാല്‍നിക്ക് കോടതി 19 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവില്‍ പതിനൊന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുവഭിച്ചുവരികയായിരുന്നു അദ്ദേഹം.