സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതനായി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ (60)നിര്യാതനായി

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം എം.ബി. എച്ച് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സമസ്ത മുശാവറ അംഗമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ മകനായിരുന്ന കാടേരി അബ്ദുല്‍ വഹാബ് മുസ്‌ലിയാരുടെയും സമസ്ത വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ പുത്രി മൈമൂന ദമ്പതികളുടെയും മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് ജനനം. മേല്‍മുറി, ഇരുമ്പുഴി,ചെമ്മങ്കടവ്, കോങ്കയം,രണ്ടത്താണി, കിഴക്കേപുരം എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തിയതിനു ശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലപ്പുറം ജില്ലയിലെ ഇരുമ്പുചോല മഹല്ലില്‍ ദര്‍സ് നടത്തിവരികയായിരുന്നു. കാച്ചനിക്കാടും ദര്‍സ് നടത്തിയിട്ടുണ്ട്. നിലവില്‍ മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളില്‍ ഖാസിയായിരുന്നു.
സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ച കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഖബറടക്കം വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നസീറയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല കമാല്‍ ദാരിമി , അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, നഫീസത്ത്, അബ്ദുല്‍ മാജിദ്, അബ്ദുല്‍ ജലീല്‍ , പരേതയായ മുബശ്ശിറ. മരുമക്കള്‍ നിബ്‌റാസുദ്ദീന്‍ ഹൈതമി ചീക്കോട്, ഫാത്തിമ നഫ്‌റീറ. സഹോദരങ്ങള്‍: അബ്ദുല്‍ ശുക്കൂര്‍ ദാരിമി, ഉമ്മുല്‍ ഫദ്‌ല , പരേതരായ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഖദീജ.

spot_img

Related Articles

Latest news