ഒരേ ക്ലാസിൽ മൂന്ന് ജോഡി ഇരട്ടകൾ, സാമ്യത്തിൽ അമ്പരന്ന് അധ്യാപകരും കുട്ടികളും

ആലപ്പുഴ: പ്ലസ് വൺ ക്ലാസിൽ പഠിക്കാനെത്തിയത് രൂപത്തിലും ഭാവത്തിലും ഒരുപോലെ സാമ്യമുള്ള പെൺകുട്ടികളായ മൂന്ന് ജോഡി ഇരട്ടകൾ. ഇക്കൂട്ടത്തിൽ ഉൾപ്പെട്ട നാൽവർസംഘത്തിന് കൂട്ടിനെത്തിയത് ഇരട്ടസഹോദരിമാരായ അമ്മമാരും. ആലപ്പുഴ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ബയോളജി സയൻസ് ബാച്ചിലാണ് ഇരട്ടകൂട്ടങ്ങൾക്കൊപ്പം ഇരട്ടകളായ അമ്മമാരും ഒന്നിച്ചെത്തിയത്. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും കൗതുകക്കാഴ്ചയായി.

വിദ്യാർഥികളായ അലീന ഫിലോ വർഗീസ്, അനീറ്റ മരിയ വർഗീസ്, ലെന സുജിത്ത്, ലയ സുജിത്ത്, അഞ്ജന, അർച്ചന എന്നിവരാണ് ഇരട്ടക്കൂട്ടങ്ങൾ. കുട്ടികൾക്കൊപ്പമെത്തിയ അമ്മമാരായ സോബി ടിജോ, സോന സുജിത്ത് എന്നിവരാണ് ഇരട്ടസഹോദരങ്ങൾ. സോബിയുടെ മക്കളായ അലീനയും അനീറ്റയും സോന സുജിത്തിന്റെ മക്കളായ ലെനയും ലയയും വീണ്ടും ഒരേ ക്ലാസ് മുറിയിൽ ഒന്നിച്ചെത്തിയെന്നതാണ് മറ്റൊരു കൗതുകം.

ആലപ്പുഴ തത്തംപള്ളി കണിയാംപറമ്പിൽ ടിജോ-സോബി ദമ്പതികളുടെ മക്കളായ അലീനയും അനീറ്റയും പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. പിതാവ് ടിജോ പലചരക്ക് കടയിലെ ജീവനക്കാരനാണ്. മാതാവ് സോബി ആലപ്പുഴ സി വി ഏജൻസീസിലെ ജീവനക്കാരിയാണ്. രണ്ടാം ക്ലാസ് വിദ്യാർഥിനി അന്ന റോസ് സഹോദരിയാണ്. ആലപ്പുഴ കളരിക്കൽ പറമ്പിൽ വീട്ടിലെ പി എ സുജിത്ത് – സോന ദമ്പതികളുടെ മക്കളായ ലെനക്ക് ഫുൾ എപ്ലസ് കിട്ടിയപ്പോൾ ലയക്ക് ഒമ്പത് എപ്ലസും ഒരു എയും നേടാനായി.

 

പിതാവ് സുജിത്തിന് സൗദി റിയാദിലാണ് ജോലി. ബിരുദ പഠനത്തിന് തയാറെടുക്കുന്ന ലിഥിയയാണ് മൂത്തസഹോദരി. ഒരുകുടുംബത്തിലെ ഈ നാൽവർ സംഘം ഒന്ന് മുതൽ എസ് എസ് എൽ സി വരെയുള്ള പഠനം പഴവങ്ങാടി സെന്‍റ് ആന്റണീസ് സ്കൂളിലെ ഒരേ ബെഞ്ചിലായിരുന്നു. ആലപ്പുഴ വാടയ്ക്കൽ അക്ഷയ് നിവാസ് ഡി ഷിബു – ധന്യ ദമ്പതികളുടെ മക്കളായ അഞ്ജന, അർച്ചനയുമാണ് മൂന്നാമത്തെ ഇരട്ടകൾ. പിതാവ് ഷിബു കൈതവനയിൽ സ്പ്രേ പെയ്ന്‍റിങ് തൊഴിലാളിയാണ്. മാതാവ് ധന്യ സ്വകാര്യകമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരൻ: എസ് അക്ഷയ്. ഇരുവരും പറവൂർ പനയക്കുളങ്ങര വി എച്ച് എസ് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. അഞ്ജന ഫുൾ എ പ്ലസും അർച്ചന ഒമ്പത് എ പ്ലസും ഒരു എയും നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്.

spot_img

Related Articles

Latest news