കൽപ്പറ്റ: സ്വാതന്ത്ര്യ ദിന തലേന്ന് വയനാട് കളക്ടറേറ്റ് വളപ്പിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. വരദൂർ മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്ത കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ (47), മോഹനൻ (40) എന്നിവരാണ് കളക്ടറേറ്റിലെയും ചന്ദനമരം മുറിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവറായ കമ്പളക്കാട് സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരം വാങ്ങിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും.
മുറിച്ച ചന്ദനമരവും പോലീസ് കണ്ടെടുത്തു. അതേ സമയം ചന്ദനമരം മുറിയുമായി ബന്ധപ്പെട്ട് പുതുശേരിക്കടവ് സ്വദേശിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
വരദൂരിലെ കേസുമായി ബന്ധപ്പെട്ട് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ചൊവ്വാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ പോലീസ് കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റു രേഖപ്പെടുത്തിയശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച പ്രതികളെ ചന്ദനമരം മുറിച്ച കളക്ടറേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഓഗസ്റ്റ് 14 ന് കളക്ടറേറ്റിൻ്റെ പുറകിലൂടെ എത്തിയാണ് പ്രതികൾ കളക്ടറേറ്റ് വളപ്പിലെ ഒരാൾപൊക്കത്തിലുള്ള മരം മുറിച്ചത്. തുടർന്ന് ബൈപ്പാസിൽ എത്തിക്കുകയും ജീപ്പിൽ കടത്തികൊണ്ടുപോകുകയായിരുന്നു എന്നുമാണ് വിവരം