അമ്ബലപ്പുഴ: പൊന്തില്‍ തുഴഞ്ഞു പിടിച്ചുകൊണ്ടുവരുന്ന മത്തിക്കു വിലയിടിഞ്ഞു തൊഴിലാളികള്‍ ദുരിതത്തില്‍. മത്തി ഇക്കുറി സുലഭമായി ലഭിച്ചതാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
ട്രോളിംഗ് നിരോധന കാലയളവില്‍ പരമ്ബാരഗത വള്ളങ്ങള്‍ക്കും പൊന്തുകള്‍ക്കും പ്രതീക്ഷിച്ചത്ര മീന്‍ ലഭിച്ചിരുന്നില്ല. മാത്രമല്ല കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആഴ്ചകളോളം മീന്‍പിടുത്തം നടന്നതുമില്ല.
എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായാണ് വലിയ മത്തി കൂടുതലായി ലഭിച്ചു തുടങ്ങിയത്. ബോട്ടുകളും ഇറക്കിയ തോടെ വിപണിയില്‍ മീന്‍ സുലഭമായി. ഇതോടെയാണ് കടലിനോട് മല്ലിട്ട് ഒറ്റക്കു തുഴഞ്ഞു ഏറെ പണി പെട്ട് പൊന്തുകാര്‍ കൊണ്ടുവരുന്ന മത്തിക്ക് വില വളരെ കുറഞ്ഞത്. മൊത്ത കച്ചവടക്കാര്‍ കിലോക്ക് 40 രൂപ വെച്ചാണ് ചന്തക്കടവില്‍ നിന്ന് ലേലത്തില്‍ എടുക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പിന്നെ എന്തെങ്കിലും കൈയില്‍ കിട്ടണമെങ്കില്‍ ദേശിയപാതയോരത്ത് വല കുടഞ്ഞ് വില്‍പ്പന നടത്തണം. പക്ഷേ ഇവിടെയും നിരവധി തട്ടുകള്‍ കൂടിയതോടെ അധ്വാനം മാത്രം മിച്ചമായതായി പൊന്തുവള്ളക്കാര്‍ പറയുന്നു.