രാജ്യത്ത് സ്പോർട്സ് ആക്റ്റീവിറ്റികൾ പുനഃരാരംഭിക്കുന്നു. ചൊവ്വാഴ്ച പലസ്തീനെതിരായ ദേശീയ ടീമിന്റെ മത്സരത്തിൽ പങ്കെടുക്കാൻ സഊദി അറേബ്യയിലെ വാക്സിനേഷൻ പൂർത്തിയാക്കിയ ഫുട്ബോൾ ആരാധകർക്ക് അനുവാദം നൽകുമെന്ന് സ്പോർട്സ് മന്ത്രാലയം അറിയിച്ചു. സ്റ്റേഡിയം ശേഷിയുടെ 40 ശതമാനമാണ് അനുവദിക്കുക. നാളെ നടക്കുന്ന 2022 ലെ ലോകകപ്പിനും 2023 ഏഷ്യൻ കപ്പിനുമുള്ള സംയുക്ത ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ ഭാഗമായുള്ള മത്സരത്തിനാണ് ആരാധകർക്ക് പങ്കെടുക്കാൻ അനുമതി.
കൂടാതെ, ഇതിന്റെ ഭാഗമായി ശവ്വാൽ അഞ്ച് മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങളിൽ കളികൾ ആരംഭിക്കാൻ അനുവാദം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് മുൻകരുതലുകൾ പാലിച്ച് സ്പോർട്സ് ആക്റ്റീവിറ്റികൾ പുനഃരാരംഭിക്കാൻ അനുവാദം നൽകുന്നത്. സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ലഭിക്കുക വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയിടെ സഊദി സ്പോർട്സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സ്റ്റേഡിയത്തിന്റെ ആകെ ശേഷിയുടെ നാൽപത് ശതമാനം ആളുകൾക്ക് മാത്രമായിരിക്കും അനുമതി.
വാക്സിൻ സ്വീകരിച്ചതടക്കം തവക്കൽനയിലെ ആരോഗ്യ സ്റ്റാറ്റസ് നോക്കിയായിരിക്കും അനുമതി നൽകുക. മാസ്ക് ധരിക്കുന്നതടക്കം കൊവിഡ് മുൻകരുതൽ പൂർണ്ണമായും പാലിച്ചായിരിക്കും അനുമതി. 2020 മാർച്ച് മുതൽ സഊദിയിൽ സ്റ്റേഡിയങ്ങളിൽ പ്രവേശന വിലക്ക് നില നിൽക്കുകയാണ്.