റിയാദ്: ചെറിയ പെരുന്നാളാഘോഷത്തിൻ്റെ ഭാഗമായി സൗദി അറേബ്യയില്‍ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റി വ്യാഴാഴ്ച രാത്രി മുതല്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസവും രാത്രി ഒൻപതിനാണ് കരിമരുന്ന് പ്രയോഗം നടത്തുന്നത്.
റിയാദില്‍ ബോളിവാഡ് സിറ്റി, അബഹയില്‍ അല്‍സ്വഫാ പാര്‍ക്ക്, ജിദ്ദയില്‍ പ്രൊമിനേഡ് നടപ്പാത, അല്‍ഖോബാറില്‍ വാട്ടര്‍ ഫ്രണ്ട്, ഹായിലില്‍ അല്‍മഗ്വാ എന്‍റര്‍ടൈന്‍മെന്‍റ് റോഡ്, അല്‍ബാഹയില്‍ പ്രിന്‍സ് ഹുസാം പാര്‍ക്ക്, തബൂക്കില്‍ തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, അറാറില്‍ ഉഥൈം മാളിന് എതിര്‍വശത്തുള്ള പബ്ലിക് പാര്‍ക്ക്, നജ്റാനില്‍ അല്‍നഹ്ദ ഡിസ്ട്രിക്റ്റ്, മദീനയില്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്, ജിസാനില്‍ നോര്‍ത്ത് കോര്‍ണിഷ് നടപ്പാത എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങളുണ്ട്.
സകാക്ക അസീസിയ പാര്‍ക്കില്‍ രാത്രി 9.45 നും ബുറൈദയില്‍ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്കില്‍ രാത്രി പത്തിനുമാണ് കരിമരുന്ന് പ്രയോഗം. റിയാദ്, ജിദ്ദ, അബഹ എന്നിവിടങ്ങളില്‍ ഇന്നും നാളെയും ഡ്രോണ്‍ പ്രദര്‍ശനങ്ങളും നടക്കുമെന്ന് അതോറിറ്റി അറിയിച്ചു. റിയാദില്‍ എട്ടു പാര്‍ക്കുകളില്‍ മൂന്നു ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പാര്‍ക്ക്, ഉക്കാദ് പാര്‍ക്ക്, അല്‍ദോഹ് ചത്വരം, എക്സിറ്റ് രണ്ടിലെ അല്‍നഖീല്‍ പാര്‍ക്ക്, അലീശ പാര്‍ക്ക്, അല്‍നദ ഡിസ്ട്രിക്‌ട് പാര്‍ക്ക്, അല്‍ഹൈര്‍, അല്‍നസീം പാര്‍ക്ക് എന്നിവിടങ്ങളില്‍ നാടകങ്ങളും കവിയരങ്ങുകളും സൗദി പരമ്പരാഗത നൃത്തരൂപമായ അര്‍ദയും അടക്കം വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് റിയാദ് നഗരസഭ അറിയിച്ചു.