സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുണ്ടായിരുന്ന വിലക്ക് ഭരണകൂടം നീക്കി

റിയാദ്: സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുണ്ടായിരുന്ന വിലക്ക് ഭരണകൂടം നീക്കി. ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുണ്ടായിരുന്ന വിലക്കാണ് നീക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കി, എത്യോപ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കും നീക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്ത ശേഷം സൗദി ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. അടുത്തിടെ 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി ഭരണകൂടം ഉത്തരവിട്ടിരുന്നു. ഇനിയും 12 രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരുകയാണ്.

ലബ്‌നാന്‍, സിറിയ, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍, സോമാലിയ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, അര്‍മേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് തുടരുകയാണ്. കൊവിഡിന് പുറമെ കുരങ്ങുപനിയും ലോകത്ത് വ്യാപിക്കുന്ന ഘട്ടത്തിലായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. കുരങ്ങുപനി അമേരിക്കയിലും ഇസ്രായേലിലുമടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ചിലര്‍ക്ക് സംശയം തോന്നിയിരുന്നു എങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ഈ വര്‍ഷം ആദ്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം നന്നേ കുറഞ്ഞിരുന്നു. വാക്‌സിനേഷന്‍ വ്യാപകമാക്കുകയും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തിലും പലര്‍ക്കും രോഗം ബാധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞു. ഇതോടെയാണ് ഗതാഗത സൗകര്യങ്ങള്‍ ഇന്ത്യ പുനഃസ്ഥാപിച്ചത്. ലോക രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ വീണ്ടും രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഈ വേളയിലാണ് സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്‍പ്പെടെ യാത്ര ചെയ്യരുത് എന്ന് നിര്‍ദേശം നല്‍കിയത്.
രണ്ടു വര്‍ഷത്തോളം അടച്ചിട്ട ശേഷം സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചത് അടുത്തിടെയാണ്. സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതിലും ഇളവ് പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് രോഗ വ്യാപന ഭീഷണിയുണ്ടായത്. ഹജ്ജ് സീസണ്‍ ആയതിനാല്‍ വളരെ ജാഗ്രതയോടെയാണ് സൗദി മുന്നോട്ട് പോകുന്നത്. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജാഗ്രത തുടരുകയാണ്. കുവൈത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുമെന്ന് വാര്‍ത്തകളുണ്ട്.

ഇന്ത്യയില്‍ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 12000 വരെ രോഗികളാണുള്ളത്. എന്നാല്‍ മരണം കുറവാണ്. ജാഗ്രത തുടരണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

spot_img

Related Articles

Latest news