ശ്രുതിമോൾക്ക് മലബാർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഫീസിന്റെ ആദ്യഗഡുവായ ഏഴുലക്ഷം രൂപ തിങ്കളാഴ്ച സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി അടയ്ക്കും.
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയിട്ടും ഫീസടയ്ക്കാനുള്ള ഭീമമായ തുക കണ്ടെത്താനാകാതെ വലയുകയായിരുന്നൂ മുരിക്കാശേരി പടമുഖം പാറച്ചാലിൽ ശ്രുതിമോളും കുടുംബവും.
അച്ഛൻ മരിച്ചതിനുശേഷം അമ്മ ബിന്ദു കൂലിപ്പണിയെടുത്താണ് ശ്രുതിമോളെയും അനുജത്തിയെയും വളർത്തിയത്. ചോർന്നൊലിക്കുന്ന വീട്ടിലെ ചാണകം മെഴുകിയ തറയിലിരുന്ന് പഠിച്ച ശ്രുതിമോൾ 91.6 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി.
കഷ്ടപ്പാടുകൾക്കിടയിലും പാലായിൽ എൻട്രൻസ് പരിശീലനം നേടി. രണ്ടാംവട്ടം പരീക്ഷ എഴുതിയപ്പോൾ 4203-ാം റാങ്ക് ലഭിച്ചു. എന്നാൽ, ഏതെങ്കിലും മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയാൽ മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കൂവെന്ന നിബന്ധന പ്രശ്നമായി. പ്രവേശനം നേടണമെങ്കിൽ ആദ്യവർഷത്തെ ഫീസടയ്ക്കണമായിരുന്നു. അത് കണ്ടെത്താനാകാത്ത പ്രയാസത്തിലായിരുന്നു കുടുംബം.
ഇക്കാര്യമറിഞ്ഞ സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ശ്രുതിമോളുടെ വീട്ടിലെത്തി ആദ്യവർഷത്തെ ഫീസ് നൽകാമെന്ന് ഉറപ്പുനൽകി. തുടർന്നാണ് ശ്രുതിമോൾ മലബാർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.
സി.പി.എം. നേതാക്കൾ വായ്പയെടുത്താണ് ആദ്യഗഡു നൽകുന്നത്. തുടർന്ന്, 12-ന് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പാഴ്വസ്തുക്കൾ ശേഖരിക്കും. ഇത് വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് വായ്പ തീർക്കും. ബാക്കി തുക ശ്രുതിമോളുടെ അക്കൗണ്ടിലേക്ക് നൽകും. സുമനസ്സുകളിൽനിന്ന് ലഭിക്കുന്ന തുകയും അക്കൗണ്ടിലേക്ക് ഇടും.
റോമിയോ സെബാസ്റ്റ്യൻ ചെയർമാനും പി.ബി.സബീഷ് കൺവീനറും ഇ.എൻ.ചന്ദ്രൻ ട്രഷററുമായ കമ്മിറ്റിയാണ് ഫണ്ട് ശേഖരണം ഏകോപിപ്പിക്കുന്നത്.