വൈത്തിരി: വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാനപ്രതി കസ്റ്റഡിയില്‍.എസ്‌എഫ്‌ഐ യൂണിയൻ ചെയർമാൻ അഖിലാണ് കസ്റ്റഡിയിലായത്. പാലക്കാട് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് അഖിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ ഹോസ്റ്റലിലെ അന്തേവാസിയാണ്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബില്‍ഗേറ്റ് ജോഷ്വാ ബത്തേരി, അഭിഷേക് എസ്. ഇടുക്കി, ആകാശ് എസ്.ഡി. കൊഞ്ചിറവിള, തിരുവനന്തപുരം, ഡോണ്‍സ് ഡായി തൊടുപുഴ, രഹന്‍ ബിനോയ് തിരുവനന്തപുരം, ശ്രീഹരി ആര്‍.ഡി തിരുവനന്തപുരം എന്നിവരാണ് അറസ്റ്റിലായത്.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന്‍ അംഗം ആസിഫ് എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഒളിവിലാണ്. കേസില്‍ പതിനെട്ടിലധികം പ്രതികളുണ്ടെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടി. സജീവന്‍ അറിയിച്ചു. അന്യായമായി തടഞ്ഞുവയ്‌ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവ പ്രതികള്‍ക്കെതിരെ ചുമത്തി. സിദ്ധാര്‍ത്ഥിനെ നേരിട്ട് മര്‍ദ്ദിച്ചവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിച്ചിരുന്നു. സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികളെ നേരത്തെ സസ്‌പെന്‍ഡ്
ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി പറഞ്ഞു. സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സഹപാഠികള്‍ നല്‍കിയത്. ഹോസ്റ്റല്‍ എസ്‌എഫ്‌ഐയുടെ വിദ്യാര്‍ത്ഥി കോടതിയാണെന്നും ഇവിടെ വിചാരണ പതിവെന്നും പ്രതികള്‍ മൊഴി നല്കി.പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും. കോളജ് അധികൃതരിലേക്കോ പോലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ അനുവദിക്കില്ലെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. കേസില്‍ ഇന്നലെ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.