ന്യൂഡൽഹി: കോവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ആശുപത്രിക്കിടക്കയിൽ ചങ്ങലയിൽ ബന്ധിച്ചതിനെതിരായ പ്രതിഷേധം രാജ്യമൊട്ടുക്കും ശക്തമാകുന്നതിനിടെ ഹേബിയസ് കോർപസ് ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യത. ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്ന ഹേബിയസ് കോർപസ് ഹരജികൾക്കൊപ്പം സിദ്ദീഖ് കാപ്പെൻറ കേസും പരിഗണിക്കുമെന്ന സൂചന സുപ്രീംകോടതി വെബ്സൈറ്റ് തന്നെയാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ ആറ് മുതൽ യു.പി സർക്കാറിെൻറയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും ആവശ്യം അംഗീകരിച്ചാണ് ഹരജി നിരന്തരം നീട്ടിക്കൊണ്ടുപോയത്. സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം പ്രസിഡൻറ് മിജി ജോസ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി ഏപ്രിൽ 27ന് ചൊവ്വാഴ്ച ഒരു മണിക്ക് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വെബ്ൈസറ്റിലുള്ളത്. പരിഗണിക്കാൻ സാധ്യത കാണുന്നുണ്ടെന്ന് സിദ്ദീഖിെൻറ അഭിഭാഷകനായ അഡ്വ. വിൽസ് മാത്യു ‘മാധ്യമ’ത്തോടു പറഞ്ഞു.
സിദ്ദീഖ് കാപ്പനും കുടുംബത്തിനും നീതി ചോദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഡിറ്റേഴ്സ് ഗിൽഡും തിങ്കളാഴ്ച പരസ്യമായി രംഗത്തുവന്നതിന് പിറകെയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.