കേന്ദ്ര സർക്കാരിനെതിരായ ബദലാണ് കേരള മോഡലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്. കേരളത്തെ വീണ്ടും ഹരിതാഭമാക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. കേരള സർക്കാർ ശ്രമിക്കുന്നത് ജനങ്ങളുടെ ഐക്യത്തിനാണെന്നും ബിമൻ ബോസ് ചൂണ്ടിക്കാട്ടി.
‘സിൽവർലൈൻ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ്. പരിസ്ഥിതി വിഷയങ്ങൾ പരിഗണിച്ച് മാത്രമേ സിൽവർലൈൻ പദ്ധതി നടപ്പിലാക്കൂ’- ബിമൻ ബോസ് പറഞ്ഞു.
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസോടെ എല്ലാ പാർട്ടി കമ്മിറ്റി സ്ഥാനങ്ങളും ഒഴിയുമെന്ന് വ്യക്തമാക്കിയ ബിമൽ ബോസ് തീരുമാനം യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണെന്നും അറിയിച്ചു. ജീവനുള്ള കാലം വരെ താൻ പാർട്ടി പ്രവർത്തകനായി തുടരുമെന്നും ബിമൻ ബോസ് പറഞ്ഞു.
ഏപ്രിൽ 6ന് കണ്ണൂരിൽ കൊടിയേറിയ പാർട്ടി കോൺഗ്രസ് ഇന്നാണ് അവസാനിക്കുന്നത്. സംസ്ഥാന ദേശീയ നേതാക്കൾക്കൊപ്പം കോൺഗ്രസിൽ നിന്ന് കെ.വി തോമസിനും ശശി തരൂരിനും ക്ഷണം ഉണ്ടായിരുന്നു. കോൺഗ്രസ് വിലക്കിയതിനെ തുടർന്ന് തരൂർ പാർട്ടി കോൺഗ്രസിൽ നിന്ന് വിട്ട് നിന്നുവെങ്കിലും കെ.വി തോമസ് താക്കീതുകൾ കാറ്റിൽ പറത്തി പാർട്ടി കോൺഗ്രസ് വേദിയിലെത്തിയിരുന്നു.