സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും; “കോൺഗ്രസിന്റെ കുറ്റി ജനങ്ങൾ പിഴുതെറിയും”: എം എം മണി

ശക്തമായ പ്രതിഷേധങ്ങൾക്കിടെയും സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു.

അതേ സമയം, സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി രാഷ്ട്രീയ നേതാക്കളുടെ വാക്‌പോര് തുടരുകയാണ്. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം.എം മണി. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം.എം മണി പറഞ്ഞു.

സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്നാണ് ഇന്നലെ കെ.മുരളീരൻ എംപി പറഞ്ഞത്. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു.

സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.

സിൽവർ ലൈൻ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ലിടുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപിയുടെ മൂന്ന് ദിവസത്തെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭ പദയാത്രയ്ക്കും ഇന്ന് ജില്ലയിൽ തുടക്കമാവും. കാട്ടില പീടിക മുതൽ കുഞ്ഞിപ്പള്ളി വരെയാണ് പദയാത്ര.

അതേസമയം ഇന്നലെയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയിൽ കല്ലിടലിനെതിരെ ഉയർന്നത്. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച് നിൽക്കുന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തെത്തി.

spot_img

Related Articles

Latest news