കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയില്‍ ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി സ്വദേശി ഭുവന ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്.ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്.
അഞ്ജലി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനിലതരണം ചെയ്തിട്ടുണ്ടെന്നും വീട്ടുകാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൻസാറിന് പാമ്പ് കടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയിരുന്നു. കുറ്റ്യാടി മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടിലാണ് സംഭവം. ശംഖുവരയൻ ഇനത്തില്‍പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്ന് പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങുന്ന കിടക്കയിലാണ് വീട്ടുകാർ ആദ്യം പാമ്പിനെ കണ്ടത്. കിടക്കയില്‍ തലയിണ വയ്ക്കുന്ന ഭാഗത്തായിരുന്നു പാമ്പ്. ഭുവന ചന്ദ്രന് ആന്റിവെനം നല്കി. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനുപിന്നാലെ തൊട്ടടുത്ത മുറിയില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയില്‍ കയറിയപ്പോള്‍ അവിടെനിന്നും ശംഖുവരയൻ ഇനത്തില്‍ പെട്ട പാമ്പിനെ കിട്ടി. ഇതോടെയാണ് അയല്‍ക്കാരുടെ സഹായത്തോടെ വീട്ടില്‍ പരിശോധന നടത്തിയത്. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടത്. തേച്ച ചുമരുകളും ഭംഗിയായി ടൈല്‍സിട്ടതുമായ വീടാണിത്. എന്നിട്ടും വിഷമുള്ള പാമ്പുകളെ കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാർ.

