തിരുവനന്തപുരം: ഏതു നിമിഷവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീഡനില്‍ നിന്ന് ഒരു പ്രത്യേക വിമാനം പറന്നിറങ്ങും.
നമ്മുടെ വാവ സുരേഷിനെയും കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുപറക്കും. അവിടെ മൃഗശാലയില്‍ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്ബാല പുറത്തുചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യം.
സ്വീഡന് സര്‍ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചു. അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് സന്ദേശമെത്തിയത്. കൗമുദി ടി.വി സംപ്രേഷണം ചെയ്തുവരുന്ന സ്നേക്ക് മാസ്റ്റര്‍ എന്ന പരിപാടിയാണ് ഇതിനു പ്രേരണയായത്.
വാവ സുരേഷ് കേരളീയനായതിനാല്‍ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ വിവരം തിരക്കി. വാവയുടെ പാമ്ബ് പിടിത്ത വീഡിയോകള്‍ നേരത്തെ കൗമുദി യുട്യൂബിലൂടെ കണ്ടിട്ടുള്ള ഉദ്യോഗസ്ഥന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ എ.സി. റെജിയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. എ.സി. റെജിയില്‍ നിന്നു നമ്ബര്‍ വാങ്ങി ഇതേ ഉദ്യോഗസ്ഥന് തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാന്‍ പറയുകയായിരുന്നു.
സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്ബാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്ബിനെ പിടിക്കുക പ്രയാസമാണ്. അതിനാല്‍ ജനങ്ങള്‍ ഏറെ പരിഭ്രാന്തരാണ്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്ബിനെ കണ്ടെത്താന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റില്‍ തപ്പിയപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കൗമുദി ടി.വി യുടെ യുട്യൂബ് ചാനലില്‍ വാവയുടെ പാമ്ബുപിടിത്ത ദൃശ്യങ്ങള്‍ കണ്ടതോടെ മതിപ്പേറി. യൂറോപ്യനായ മറ്റൊരു പാമ്ബു പിടിത്തക്കാരന്റെ വിവരങ്ങളും അവര്‍ ശേഖരിച്ചിട്ടുണ്ട്.