ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കോടതിയില്‍നിന്ന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയതിനുപിന്നാലെ, സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ അതിന്റെ നടത്തിപ്പുകാരായ സ്ഥാപനങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ചട്ടം സര്‍ക്കാര്‍ പുറത്തിറക്കി. ഇതാദ്യമായാണ് ഡിജിറ്റല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനും അതില്‍ ഇടപെടാനും കഴിയുന്ന വിധം നിയന്ത്രണ വ്യവസ്ഥകള്‍ കൊണ്ടുവരുന്നത്.
ഫേസ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്ഫോമുകള് എന്നിവക്കെല്ലാം പുതിയ നിയന്ത്രണങ്ങള്‍ ബാധകമാണ്. വിവരസാങ്കേതിക വിദ്യ (മധ്യവര്‍ത്തി മാര്‍ഗനിര്‍ദേശങ്ങള്‍, ഡിജിറ്റല്‍ മാധ്യമ സദാചാര സംഹിത) ചട്ടം 2021 നിയമ, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയും സമൂഹമാധ്യമങ്ങളെ സ്വയം നിയന്ത്രണത്തിന് പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ദേശസുരക്ഷ എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തിന് വിലക്ക്.
ദുഷ്ടലാക്കുള്ളതായി കാണുന്ന ഏതു സന്ദേശത്തിന്റെയും ഉറവിടം സമൂഹമാധ്യമങ്ങള്‍ സര്‍ക്കാറിനോട് വെളിപ്പെടുത്തണം. എവിടെയാണ് തുടക്കം, ആരാണ് പിന്നില്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ.
സമൂഹമാധ്യമങ്ങള്‍ക്കുമേല്‍ വിവിധ മന്ത്രാലയങ്ങളുടെ കര്‍ക്കശമായ മേല്‍നോട്ട സംവിധാനം ഉണ്ടാവും. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, വാര്‍ത്താവിതരണം, നിയമം, വിവര സാങ്കേതികവിദ്യ എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് മേല്‍നോട്ട സമിതി. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടാല്‍ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്താന്‍ സമിതിക്ക് അധികാരം ഉണ്ടാവും.
ഇന്ത്യന്‍ ചട്ടങ്ങളുടെ ആജ്ഞാനുവര്‍ത്തിയായി ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓഫിസര്‍ ഏതു സമൂഹമാധ്യമ സ്ഥാപനത്തിനും ഉണ്ടായിരിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്, ഉള്ളടക്കം എന്നിവ നീക്കിയാല്‍ ഉപയോക്താക്കളെ കാര്യകാരണ സഹിതം വിവരം അറിയിക്കണം. പരാതികള്‍ സ്വീകരിച്ച് ഒരു മാസത്തിനകം പരിഹരിക്കാന്‍ കമ്പനികള്‍ പരാതിപരിഹാര ഓഫിസറെ നിയമിക്കണം.
സര്‍ക്കാര്‍ നിയോഗിക്കുന്ന ജോയന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉള്ളടക്കം വിലക്കണമെന്ന് നിര്‍ദേശിക്കാന്‍ അധികാരമുണ്ടായിരിക്കും. നിയമവിരുദ്ധമാണ് ഉള്ളടക്കമെങ്കില്‍, അതു നിരോധിക്കണമെന്ന ഉത്തരവ് ഇറക്കാന്‍ സര്‍ക്കാറിലേക്ക് ഈ സമിതി ശിപാര്‍ശ ചെയ്യും. അപകീര്‍ത്തി, അശ്ലീലം, വംശീയം, കുട്ടികള്‍ക്ക് ദോഷകരം, ഐക്യത്തിനും അഖണ്ഡതക്കും രാജ്യരക്ഷക്കും സുരക്ഷക്കും ഭീഷണി ഉയര്‍ത്തുന്നവ എന്നിവക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്ക്. നിയമവിരുദ്ധ ഉള്ളടക്ക നിര്‍ദേശം കിട്ടിയാല്‍ 36 മണിക്കൂറിനകം നീക്കണം.
അക്രമ സ്വഭാവം, നഗ്നത എന്നിവയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്നവര്‍, 16ല്‍ താഴെയുള്ളവര്‍ എന്നിങ്ങനെ ഉള്ളടക്കം വേര്‍തിരിക്കണം. അംഗീകാരമില്ലാത്ത ഉള്ളടക്കം കുട്ടികള്‍ക്ക് കിട്ടുകയില്ലെന്ന് ഉറപ്പുവരുത്തണം. സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധമായ, സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ലൈംഗികതക്കും മറ്റുമെതിരായ പരാതികള്‍ കിട്ടിയാല്‍ 24 മണിക്കൂറിനകം അത് നീക്കണം.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ബാധകമാവും. പുതിയ വെബ്സൈറ്റുകള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഉപയോക്താക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വേണം. ചട്ട പ്രകാരം നീങ്ങാന്‍ മൂന്നുമാസ സാവകാശം ഉണ്ടാകും. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സ്വയം നിയന്ത്രണത്തിന് റിട്ട. സുപ്രീംകോടതി/ഹൈകോടതി ജഡ്ജി/പ്രമുഖ വ്യക്തിയുടെ നേതൃത്വത്തില്‍ സംവിധാനം വേണം. അത് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം.