കടുത്ത നടപടിയുമായി കോണ്‍ഗ്രസ്; ഹിമാചലില്‍ കൂറുമാറിയ ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.രജീന്ദര്‍ റാണ, സുധിര്‍ ശര്‍മ, ഇന്ദര്‍ദത്ത് ലഖാന്‍പാല്‍, ദേവീന്ദര്‍കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നീ എംഎല്‍എമാരെയാണ് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ അയോഗ്യരാക്കിയത്. ബജറ്റ് അവതരണത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് ഇവരെ അയോഗ്യരാക്കിയത്. ആറ് എംഎല്‍എമാരുടേയും നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനം ആണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത ശേഷം ഇവര്‍ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറിയിരുന്നു. ബുധനാഴ്ച ഹിമാചലില്‍ തിരിച്ചെത്തിയ ഇവര്‍, നിയമസഭയില്‍ എത്തിയെങ്കിലും ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെതിരായാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചത്. 15 ബിജെപി എംഎല്‍എമാരെ സസ്‌പെന്റ് ചെയ്ത ശേഷം, ബജറ്റ് ശബ്ദവോട്ടോടെ നിയമസഭ പാസാക്കുകയായിരുന്നു. മുന്‍മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അടക്കമുള്ള എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ ശേഷിച്ച പത്ത് എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചിരുന്നു.വിമത സ്വരമുയര്‍ത്തി മന്ത്രിസഭയില്‍നിന്ന് രാജിവച്ച വിക്രമാദിത്യ സിങ് തന്റെ രാജി പിന്‍വലിച്ചതിന് പിന്നാലെയാണ് ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് വിക്രമാദിത്യ സിങ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിങിനെ മുഖ്യമന്ത്രിയാക്കാം എന്ന എഐസിസി സംഘത്തിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് രാജിയില്‍ നിന്ന് പിന്നോട്ടുപോയത് എന്നാണ് സൂചന. അതേസമയം, ഹിമാചലിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എന്നാണ് എഐസിസി നിരീക്ഷക സംഘം പറയുന്നത്. ഇത് വ്യക്തമാക്കി എഐസിസി നിരീക്ഷകര്‍ ഇന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഭുപേഷ് ബാഗേല്‍, ഭൂപേന്ദ്ര സിങ് ഹൂഡ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്നപരിഹാരത്തിലേക്ക് വഴിതുറന്നത്.

spot_img

Related Articles

Latest news