മോസ്കോ : കൊവിഡ് പോരാട്ടത്തില്‍ ലോകത്തിന് പ്രതീക്ഷ പകര്‍ന്ന് റഷ്യയില്‍ നിന്ന് ഒരു വാര്‍ത്തകൂടി. റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍ അവസാനഘട്ട ക്ലിനിക്കല്‍ ട്രയലില്‍ 91.6 ശതമാനം ഫലപ്രാപ്തിയുണ്ടായതായി പരീക്ഷണങ്ങളില്‍ കണ്ടെത്തി.
മൂന്നാംഘട്ട പരീക്ഷണ ഫലം ലാന്‍സന്റ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് 19,866 പേരിലാണ് സ്പുട്നിക് വാക്സിന്റെ പരീക്ഷണം നടന്നത്. ഇതില്‍ 2166 പേര്‍ അറുപത് വയസിന് മുകളിലുള്ളവരായിരുന്നു. റഷ്യയിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് പ്രതിരോധത്തിനായി ഒരു രാജ്യം അംഗീകരിച്ച വാക്സിന്‍ സ്പുട്നിക് 5 ആണ്.
കഴിഞ്ഞ ആഗസ്റ്റിലാണ് വാക്സിന് റഷ്യ അംഗീകാരം നല്‍കിയത്. ഡിസംബര്‍ മുതല്‍ രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജനുവരി മുതല്‍ എല്ലാ റഷ്യക്കാര്‍ക്കും സ്പുട്നിക് വാക്സിന്‍ നല്‍കിത്തുടങ്ങി.
വാക്സിന്‍ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ നേരത്തെ റഷ്യയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാംഘട്ട പരീക്ഷണ ഫലങ്ങളുടെ വിവരങ്ങള്‍ വിവിധ രാജ്യങ്ങളിലെ അധികൃതര്‍ക്കും യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്കും അനുമതിക്കായി ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിക്കഴിഞ്ഞു. ഇതോടെ മറ്റു രാജ്യങ്ങളിലും സ്പുട്നിക്ക് ഉപയോഗിക്കാനാവും.